
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പമ്പാതീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ തമിഴ്നാട് ബി ജെ പി രംഗത്തെത്തി. ദേവസ്വം മന്ത്രി വി എൻ വാസവൻ ചെന്നൈയിൽ നേരിട്ടെത്തി സ്റ്റാലിനെ ക്ഷണിച്ചത് ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് തമിഴ്നാട് ബി ജെ പി നേതാവ് തമിഴിസൈ സൗന്ദർരാജൻ അഭിപ്രായപ്പെട്ടു. എം കെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കുന്നവരാണെന്നും അവർ കുറ്റപ്പെടുത്തി. പിണറായി വിജയൻ ‘പെരിയാർ’ വിജയൻ ആകുകയാണെന്നും തമിഴിസൈ സൗന്ദർരാജൻ വിമർശിച്ചു. തമിഴ്നാട്ടിലെ 35,000 ക്ഷേത്രങ്ങളിൽ ഒന്നിൽ പോലും പോകാത്ത സ്റ്റാലിൻ വോട്ടിനു വേണ്ടി കേരളത്തിലെ അയ്യപ്പ ഭക്തരുടെ മുന്നിലെത്തുന്നത് ദുരുദ്ദേശ്യപരമാണെന്നും തമിഴിസൈ ആരോപിച്ചു.
സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാൻ നടക്കുന്നയാളാണ്. അദ്ദേഹത്തെ തിരുത്താൻ സ്റ്റാലിൻ ഒരിക്കലും തയാറായിട്ടില്ല. അങ്ങനെയുള്ള സ്റ്റാലിൻ എന്തിനാണ് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നതെന്നും തമിഴിസൈ ചോദിച്ചു. എന്ത് ധാർമികതയുടെ അടിസ്ഥാനത്തിലാണ് സ്റ്റാലിൻ ഇപ്പോൾ അയ്യപ്പ ഭക്തർക്ക് മുന്നിൽ പോകുന്നതെന്നും അവർ ചോദിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ശ്രമമാണ് ഇതെന്നും, ഹിന്ദു വിശ്വാസങ്ങളോട് ബഹുമാനമില്ലാത്തവർക്ക് ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ അർഹതയില്ലെന്നും ബി ജെ പി നേതാവ് അഭിപ്രായപ്പെട്ടു.