എയിംസിൽ പരസ്പരം കൊമ്പ് കൊർത്ത് ബിജെപി; ദേശീയ നേതൃത്വത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നൽകി

ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെതിരെ പരാതിയുമായി ബിജെപി സംസ്ഥാന നേതൃത്വം. വിഷയത്തിൽ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ സംസ്ഥാന ജന.സെക്രട്ടറി അനൂപ് ആൻറണി ദേശീയ നേതൃത്വത്തിന് പരാതി നൽകി. സുരേഷ് ഗോപിയുടെ പരസ്യ നിലപാട് പ്രഖ്യാപനം ഒഴിവാക്കാൻ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്. അടുത്ത ആഴ്ച പ്രധാനമന്ത്രിയെ രാജീവ് ചന്ദ്രശേഖർ നേരിൽ കാണും.

അതേസമയം, എയിംസിൻ്റെ കാര്യത്തിൽ ദേശീയ നേതൃത്വത്തിൻ്റെ അന്തിമ നിലപാട് ബിജെപി സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ ഈ മാസം 27 ന് കൊല്ലത്തെത്തുന്ന ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ ജെ പി നദ്ദ വ്യക്തമാക്കും. എയിംസുമായി ബന്ധപ്പെട്ട് ബിജെപിയിൽ കഴിഞ്ഞ കുറെ കാലമായി തർക്കം നിലനിൽക്കുകയാണ്. ബിജെപിയിലെ പല നിയമസഭാ സ്ഥാനാർഥികളും അവരുടെ പ്രകടനപത്രികയിൽ എയിംസ് മണ്ഡലങ്ങളിൽ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകിയിരുന്നു. എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്നാണ് സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനസർക്കാർ കിനാലൂരിൽ എയിംസിനായി 200 ഏക്കർ സ്ഥലമാണ് ഏറ്റെടുത്തിട്ടുള്ളത്.

More Stories from this section

family-dental
witywide