
തിരുവനന്തപുരം : ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ഉള്‍പ്പെടെ ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായതില്‍ പുതിയ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര ശേഖര്‍. കന്യാസ്ത്രീമാരുടെ അറസ്റ്റില്‍ പ്രശ്‌ന പരിഹാരത്തിനായി ആത്മാര്‍ഥമായി ശ്രമിച്ച ഒരേയൊരു പാര്‍ട്ടി ബിജെപിയാണെന്ന് രാജീവ് ചന്ദ്ര ശേഖര്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും നടത്തുന്നത് വെറും നാടകവും അവസരവാദ രാഷ്ട്രീയവും മാത്രമാണെന്നും അതൊരിക്കലും ജനങ്ങളെ സഹായിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം ആരോപിച്ചു.
”ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിച്ച് അതിലൂടെ നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് അറിഞ്ഞിട്ടും അവര്‍ അത് തുടരുകയാണ്. ജയിലിനും കോടതിക്കും പുറത്തുവച്ച് നടത്തിയ അനാവശ്യമായ നാടകങ്ങളും പ്രതിഷേധങ്ങളും ഛത്തീസ്ഗഢിലെ കന്യാസ്ത്രീകള്‍ നേരിടുന്ന സാഹചര്യത്തെ കൂടുതല്‍ വഷളാക്കാനും സങ്കീര്‍ണമാക്കാനും മാത്രമാണ് ഉപകരിച്ചത്”- അദ്ദേഹം കുറ്റപ്പെടുത്തി.