
തൃശൂർ: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൽ അനുനയത്തിനായി തൃശൂർ അതിരൂപത ആസ്ഥാനത്തെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടർന്ന് ബിജെപിയുമായുള്ള ക്രൈസ്‌തവ സഭകളുടെ ബന്ധം വഷളായതിനെത്തുടർന്നാണ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ചയ്ക്ക് എത്തിയത്. സിബിസിഐ അധ്യക്ഷൻ ആർച് ബിഷപ്പ് അന്ദ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ എന്നിവരുമായാണ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയത്. ബിജെപി ജില്ലാ നേതാക്കളെ പുറത്ത് നിർത്തി രാജീവ് ചന്ദ്രശേഖറും പത്മജ വേണുഗോപാലും സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി.
കഴിഞ്ഞ ദിവസം സിറോ മലബാർ ആസ്ഥാനത്തെത്തിയും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം അറസ്റ്റിലായ കന്യാസ്ത്രീകള്‍ നിരപരാധികളാണെന്നും അവരുടെ മോചനത്തിനായി സഹായിക്കാമെന്ന് അമിത് ഷാ ഉറപ്പുനല്‍കിയതായും മാധ്യമങ്ങളോട് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജീവ് ചന്ദ്രശേഖറിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടിയന്തരമായി ഡൽഹിക്ക് വിളിച്ചതിനാൽ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജീവ് ചന്ദ്രശേഖർ ഡൽഹിക്ക് തിരിക്കും.