
പാട്‌ന: ബിഹാറിൽ 80,000 മുസ്‌ലിങ്ങളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ ബിജെപി ശ്രമമെന്ന് ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് റിപ്പോർട്ട് ചെയ്യുന്നു. ബിഹാറിലെ ധാക്ക മണ്ഡലത്തിലാണ് വോട്ട് വെട്ടാന്‍ ശ്രമം നടന്നിരിക്കുന്നത്. ധാക്കയിലെ ബിജെപി എംഎല്‍എ പവന്‍ കുമാര്‍ ജയ്സ്വാളിന്റെ പേഴ്സണൽ സ്റ്റാഫിന്റെ പേരിലും പട്നയിലെ ബിജെപിയുടെ സംസ്ഥാന കമ്മിറ്റിയുടെ പേരിലുമാണ് വോട്ട് വെട്ടാന്‍ അപേക്ഷ നല്‍കിയത്.
78,000ത്തിലധികം മുസ്‌ലിം വോട്ടര്‍മാര്‍ ഇന്ത്യന്‍ പൗരന്മാരല്ല എന്ന് ആരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ജില്ലാ ഓഫീസര്‍ (ഇആര്‍ഒ), സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് അപേക്ഷ നല്‍കിയത്. വോട്ടുകള്‍ കൂട്ടത്തോടെ വെട്ടാന്‍ നല്‍കിയ അപേക്ഷ സ്വീകരിക്കാന്‍ കഴിയില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
മുസ്‌ലിം വോട്ടര്‍മാരെ കൂട്ടത്തോടെ ഇല്ലാതാക്കാനും ഒറ്റപ്പെടുത്താനുമുള്ള ആസൂത്രിതവും ലക്ഷ്യബോധത്തോടെയുമുള്ള ശ്രമമാണിതെന്നും തെറ്റായ വിവരങ്ങള്‍ നല്‍കി വോട്ടര്‍ പട്ടികയില്‍ കൃത്രിമത്വം കാണിക്കുന്നത് കുറ്റകരമാണ്. എന്നാല്‍ ധാക്കയിലെ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്ന ശ്രമത്തിനെതിരെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.