വരും തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകളിൽ കണ്ണ് വെച്ച് ബിജെപി; രാജീവ് ചന്ദ്രശേഖറിൻ്റെ മേൽനോട്ടത്തിൽ ക്രൈസ്തവ നേതാക്കൾക്ക് ബിജെപിയുടെ വർക്ക്ഷോപ്പ്

ആലപ്പുഴ: വരുന്ന തെരഞ്ഞെടുപ്പുകളിൽ ക്രൈസ്തവ വോട്ടുകൾ നേടാൻ ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിൻ്റെ മേൽനോട്ടത്തിൽ ക്രൈസ്തവ നേതാക്കൾക്കായി ബിജെപിയുടെ വർക്ക് ഷോപ്പ്. ക്രൈസ്‌തവരുമായി വീണ്ടും അടുക്കുന്നതിനായി പാർട്ടിയിലെ ക്രൈസ്തവ നേതാക്കൾക്കായി ബിജെപി ബുധനാഴ്‌ച കോട്ടയത്ത് പരിപാടി സംഘടിപ്പിച്ചത്. എല്ലാ ജില്ലകളിൽനിന്നുമായി 150 പേർ പങ്കെടുത്ത പരിപാടിയിൽ സിബിസിഐ ലെയ്‌റ്റി കൗൺസിൽ സെക്രട്ടറിയും കാഞ്ഞിരപ്പള്ളി രൂപതക്കാരനുമായ വി.സി. സെബാസ്റ്റ്യൻ ക്ലാസ്സെടുത്തു.

അടുത്തകാലത്തെ തിരിച്ചടികൾ കണക്കിലെടുത്ത് ബിജെപിയുടെ ക്രിസ്റ്റ്യൻ ഔട്ട്റീച്ച് പ്രോഗ്രാമിൻ്റെ ഭാഗമായിട്ടായിരുന്നു ക്ലാസ്. സംസ്ഥാനകേന്ദ്രിതമായ വിഷയങ്ങളാണ് ക്ലാസിലുൾപ്പെടുത്തിയിരുന്നത്. ക്രൈസ്തതവരുടെ ഭരണഘടനാ അവകാശങ്ങളും സമുദായം നേരിടുന്ന പ്രശ്ന‌ങ്ങളുമാണ് പ്രധാനമായി അവതരിപ്പിച്ചത്. മതപ്രചാരണത്തിനുള്ള അവകാശം, ഒരു സമുദായത്തിലും വിശ്വസിക്കാതിരിക്കാനുള്ള അവകാശം, സുപ്രീംകോടതി വിധികൾ, മതസ്വാതന്ത്ര്യം തടയുന്ന നടപടികൾ എന്നിവ ക്ലാസിൽ വിശദീകരിച്ചു.

കേരളത്തിലെ ക്രൈസ്‌തവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനസർക്കാർ നിയോഗിച്ച ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചിട്ടും തുടർനടപടിയുണ്ടായില്ലെന്നും ക്ലാസിൽ ചൂണ്ടിക്കാട്ടി. അതേസമയം, ഉത്തരേന്ത്യയിൽ അടുത്തകാലത്ത് ക്രൈസ്‌തവർക്കു നേരേയുണ്ടായ അതിക്രമങ്ങൾ ചർച്ച ചെയ്യപ്പെട്ടില്ല. മുന്നാക്ക ക്രൈസ്‌തവർ, പട്ടികവർഗ ക്രൈസ്തവർ, കത്തോലിക്കർ, കത്തോലിക്ക ഇതരർ, പരിവർത്തിത ക്രൈസ്‌തവർ, ഇവാഞ്ചലിക്കൽ സഭകൾ, മുന്നാക്കസംവരണം തുടങ്ങിയവ ചർച്ചചെയ്തു. അറിയാവുന്ന വിഷയത്തിൽ ക്ലാസെടുത്തതല്ലാതെ ഇതിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.

പഠനക്ലാസ് എന്ന തരത്തിലല്ല, വികസനസന്ദേശം എല്ലാവരിലുമെത്തിക്കുന്നതിനാണ് ശില്പശാല നടത്തിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പരിപാടിയിൽ പറഞ്ഞു. വികസിത കേരളത്തെക്കുറിച്ചുള്ള ബിജെപിയുടെ കാഴ്‌ചപ്പാട് എല്ലാ വീടുകളിലും എത്തിക്കണമെന്ന പാർട്ടി തീരുമാനത്തിൽ ഓരോ സമുദായത്തിനും ഓരോ ടീമിനെയാണ് നിശ്ചയിച്ചിരിക്കുന്നത്. യുവമോർച്ച, മഹിളാ മോർച്ച, ഒബിസി മോർച്ച തുടങ്ങി എല്ലാ ഘടകങ്ങളിലും ശില്പശാലകൾ നടത്തുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide