
വത്തിക്കാൻ സിറ്റി: പുതിയ മാർപാപ്പയെ കണ്ടെത്താനുള്ള കോൺക്ലേവിലെ ആദ്യ റൗണ്ടിൽ സമവായമില്ല. വത്തിക്കാൻ സിസ്റ്റീൻ ചാപ്പലിൽ നിന്ന് കറുത്ത പുകയാണ് ഉയർന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം (89 വോട്ട്) ആർക്കും നേടാനാകാത്തതോടെയാണ് കറുത്ത പുക ഉയർന്നത്. വ്യാഴാഴ്ച രാവിലെയും ഉച്ചയ്ക്കുമായി 2 റൗണ്ട് വീതം വോട്ടെടുപ്പ് നടക്കും. ശേഷമാകും കത്തോലിക്കാ സഭയുടെ 267 -ാമത്തെ മാർപാപ്പയെ കണ്ടെത്തുക.
ദിവ്യബലിയിൽ പങ്കെടുത്ത ശേഷം വോട്ടവകാശമുള്ള 133 കർദിനാൾമാരും സിസ്റ്റീൻ ചാപ്പലിലേക്ക് കയറിയാണ് ആദ്യ റൗണ്ട് വോട്ട് രേഖപ്പെടുത്തിയത്. 80 വയസ്സിൽ താഴെ പ്രായമുള്ള കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുന്ന ആൾ ഫ്രാൻസിസ് പാപ്പയുടെ പിൻഗാമിയായി വിശുദ്ധ പത്രോസിന്റെ സിംഹാനത്തിലേക്ക് ഉയർത്തപ്പെടും.
ആർക്കെങ്കിലും നിശ്ചിത ഭൂരിപക്ഷം ലഭിക്കുന്നതുവരെ കോൺക്ലേവ് തുടരണമെന്നാണ് നിയമം. കോൺക്ലേവിനു മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിലേക്കുള്ള വിശ്വാസികളുടെ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയും ജോർജ് ജേക്കബ് കൂവക്കാടും അടക്കം 4 കർദിനാൾമാർ ഇന്ത്യയിൽ നിന്ന് കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ ദിവ്യബലിക്ക് ശേഷമാണ് കർദിനാൾമാർ കോൺക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലേക്ക് എത്തിയത്. പ്രാദേശിക സമയം ഉച്ചയ്ക്ക് ധ്യാനപ്രസംഗത്തിന് ശേഷമാണ് ആദ്യ റൗണ്ട് വോട്ടെടുപ്പ് നടന്നത്. ഇതിൽ കറുത്ത പുക ഉയർന്നതോടെ വ്യാഴാഴ്ച വോട്ടെടുപ്പിലാകും പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുക.