മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തിലെ 38-ാം നമ്പർ ബൂത്തിൽ SIR എന്യൂമറേഷൻ ഫോം വിതരണ ക്യാമ്പിനിടെ ബിഎൽഒ വാസുദേവൻ നാട്ടുകാർക്ക് നേരെ അശ്ലീല പ്രദർശനം നടത്തി. പ്രായമായവരെയും സ്ത്രീകളെയും വെയിലത്ത് വരിയിൽ നിർത്തിയതിനെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. “വീട്ടിൽ കൊണ്ടുവന്ന് ചെയ്തുകൂടേ?” എന്ന നാട്ടുകാരുടെ ചോദ്യത്തിന് “വില്ലേജ് ഓഫീസറോട് പറയൂ” എന്നായിരുന്നു ബിഎൽഒയുടെ മറുപടി. തുടർന്ന് നാട്ടുകാർ മൊബൈലിൽ വീഡിയോ എടുക്കാൻ തുടങ്ങിയതോടെ ബിഎൽഒയും ഫോൺ എടുത്ത് റെക്കോർഡ് ചെയ്തു.
പ്രകോപനം കൂടിയതോടെ വാസുദേവൻ എഴുന്നേറ്റുനിന്ന് ഉടുമുണ്ട് പൊക്കി ലൈംഗികാവയവം പ്രദർശിപ്പിച്ചു. സ്ത്രീകളും കുട്ടികളും പ്രായമായവരും നോക്കിനിൽക്കെയായിരുന്നു ഈ ഞെട്ടിക്കുന്ന പ്രവൃത്തി. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനമുയർന്നു. ഉടൻ തന്നെ ജില്ലാ കളക്ടർ ഇടപെട്ട് ബിഎൽഒയെ ചുമതലയിൽനിന്ന് മാറ്റി. വാസുദേവനോട് വിശദീകരണം തേടുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
തിരൂരിലെ തൃപ്രങ്ങോട് പഞ്ചായത്തിൽ കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവമാണ് ഇപ്പോൾ പുറത്തുവന്നത്. ജനങ്ങൾക്ക് സർക്കാർ സേവനം നൽകേണ്ട ഉദ്യോഗസ്ഥൻ തന്നെ പൊതുസ്ഥലത്ത് അശ്ലീലം പ്രദർശിപ്പിച്ചത് നാട്ടിൽ വലിയ രോഷമുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ നിയമനടപടികളും ഉണ്ടാകുമെന്നാണ് സൂചന.











