
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി. രക്തസമ്മർദ്ദത്തിൽ വ്യതിയാനം സംഭവിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായത്. പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വി എസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ വിദഗ്ധ ഡോക്ടർമാരുടെ സംഘം എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
വി എസിന്റെ ആരോഗ്യനില മോശമായ വിവരമറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമടക്കമുള്ള നേതാക്കളെല്ലാം ആശുപത്രിയിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഡോക്ടർമാരുമായി സംസാരിച്ച് വി.എസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശദമായി അന്വേഷിച്ചു. നിലവിൽ വി.എസിന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും ആശുപത്രി അധികൃതർ സ്വീകരിച്ചിട്ടുണ്ട്.














