
തിരുവനന്തപുരം : സംസ്ഥാന ഫിഷറീസ് വകുപ്പ് കേന്ദ്ര സര്‍ക്കാരിന്റെയും യൂറോപ്യന്‍ യൂണിയന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്ലൂ ടൈഡ്സ്: കേരള-യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന കോണ്‍ക്ലേവിന് ഇന്ന് തുടക്കം. രാവിലെ 9.30 ന് കോവളം ദി ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക.
ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. ഇന്ത്യയിലെയും ഭൂട്ടാനിലെയും യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍ ഹെര്‍വ് ഡെല്‍ഫിന്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി രാജീവ് രഞ്ജന്‍ സിംഗ്, കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര വികസന സഹമന്ത്രി ജോര്‍ജ് കുര്യന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ‘രണ്ട് തീരങ്ങള്‍, ഒരേ കാഴ്ചപ്പാട്’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം സമുദ്രാധിഷ്ഠിത സാമ്പത്തിക വളര്‍ച്ചയിലൂടെയുള്ള സുസ്ഥിര വികസനവും തീരമേഖലയുടെ സമഗ്ര സമ്പദ്വ്യവസ്ഥയിലെ പങ്കാളിത്തവുമാണ് ലക്ഷ്യമിടുന്നത്.