
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ മണ്ണിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ വാണിജ്യ ഉപഗ്രഹമായ ‘ബ്ലൂബേർഡ്-6’ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് നടത്തിയ ഇന്ത്യയുടെ LVM3-M6 റോക്കറ്റിന്റെ വിക്ഷേപണം വിജയകരം. ഇന്ത്യയുടെ ‘ബാഹുബലി’ എന്ന് പേരിട്ടിരിക്കുന്ന കരുത്തുറ്റ റോക്കറ്റാണ് ഉപഗ്രഹവും വഹിച്ച് കുതിച്ചത്. അമേരിക്കൻ കമ്പനിയായ എഎസ്ടി സ്പേസ് മൊബൈലിന് വേണ്ടിയുള്ള ബ്ലൂബേർഡ്-6 ആണ് വിക്ഷേപിച്ചത്. സ്മാർട്ട് ഫോണുകളിലേക്കു ടവറിന്റെ സഹായമില്ലാതെ നേരിട്ട് അതിവേഗ സെല്ലുലാർ സിഗ്നലുകൾ നൽകാൻ രൂപകൽപ്പന ചെയ്ത ഉപഗ്രഹമാണു ബ്ലൂബേർഡ്. ഇതിന് ഏകദേശം 6,100 കിലോഗ്രാം ഭാരമുണ്ട്.
ഇന്ന് രാവിലെ 24-ന് രാവിലെ 8:54-ന് നടത്താനിരുന്ന വിക്ഷേപണം നിശ്ചിത സമയത്തേക്കാൾ 90 സെക്കൻഡ് വൈകിയാണ് നടന്നത്. ബഹിരാകാശ അവശിഷ്ടങ്ങളുമായുള്ള (Space Debris) കൂട്ടിയിടി ഒഴിവാക്കാനാണ് വിക്ഷേപണ സമയത്തിൽ നേരിയ മാറ്റം വരുത്തിയത്.
നേരത്തെ ഡിസംബർ 15-ന് നടത്താനിരുന്ന ഈ വിക്ഷേപണം വിവിധ കാരണങ്ങളാൽ ഡിസംബർ 21-ലേക്കും പിന്നീട് ഡിസംബർ 24-ലേക്കും മാറ്റുകയായിരുന്നു.
ഈ ഉപഗ്രഹത്തിന് ഏകദേശം 2,400 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ഭീമൻ ആന്റിനയുണ്ട്. ബഹിരാകാശത്ത് വിന്യസിച്ചിട്ടുള്ള ഏറ്റവും വലിയ വാണിജ്യ ആന്റിനകളിൽ ഒന്നാണിത്. ബ്ലൂബേർഡ് ബ്ലോക്ക്-2 (Block-2) പരമ്പരയിലെ ആദ്യ ഉപഗ്രഹമാണിത്. മുൻപത്തെ ഉപഗ്രഹങ്ങളെ അപേക്ഷിച്ച് പത്തിരട്ടി കൂടുതൽ ഡാറ്റാ ശേഷി ഇതിനുണ്ട്. മൊബൈൽ ടവറുകൾ എത്താത്ത മലയോര മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും സമുദ്രങ്ങളിലും തടസ്സമില്ലാത്ത ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (NSIL) യുഎസ് കമ്പനിയും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് ഈ ദൗത്യം നടക്കുന്നത്. ചന്ദ്രയാൻ-2, ചന്ദ്രയാൻ-3 ദൗത്യങ്ങളെ വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തിച്ച എൽവിഎം 3 റോക്കറ്റിന്റെ വിശ്വസ്സ്തത ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ ദൗത്യം.
‘Bluebird-6’ becomes the heaviest commercial satellite launched by India









