വെടിനിർത്തലിൽ വീണ്ടും ‘വെടി പൊട്ടിച്ച്’ പാക് സൈനിക മേധാവി, ‘പാകിസ്താന്റെ തിരിച്ചടി കണ്ട് ഇന്ത്യ യാചിച്ചു, അങ്ങനെ ട്രംപ് ഇടപെട്ടു’

ബ്രസ്സൽസ്: വിവാദ വീമ്പുപറച്ചിലും ഇന്ത്യയെ പ്രകോപിപ്പിക്കുന്നത പ്രസ്താവനകളുമായി പാകിസ്താൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ വീണ്ടും രംഗത്ത്. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിന് പാകിസ്താൻ കനത്ത തിരിച്ചടി നൽകിയെന്നും ഇന്ത്യ വെടിനിർത്തലിനായി യാചിച്ചുവെന്നുമാണ്‌ അസിം മുനിറിന്റെ പുതിയ വീമ്പുപറച്ചിൽ. ഇന്ത്യയുടെ യാചന കേട്ട അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മധ്യസ്ഥത വഹിച്ചതുകൊണ്ടാണ് പാകിസ്താൻ വെടിനിർത്തൽ ആവശ്യം അംഗീകരിച്ചതെന്നും മുനീർ അവകാശപ്പെട്ടു. ബ്രസ്സൽസിൽ ഓവർസീസ് പാകിസ്താനി ഫൗണ്ടേഷൻ സംഘടിപ്പിച്ച സ്വകാര്യ യോഗത്തിൽ യൂറോപ്പിലെ പാകിസ്താൻ പ്രവാസി സമൂഹത്തോട് സംസാരിക്കവെയാണ് പാകിസ്താൻ സൈനിക മേധാവി ഈ പരാമർശങ്ങൾ നടത്തിയത്. ഏകദേശം 500 പേർ പങ്കെടുത്ത ഈ യോഗത്തിൽ ഫോണുകളോ റെക്കോർഡിംഗ് ഉപകരണങ്ങളോ ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

40 മിനിറ്റോളം നീണ്ട പ്രസംഗത്തിൽ, ഇന്ത്യയുമായുള്ള സൈനിക സംഘർഷത്തെ ചൂണ്ടിക്കാട്ടി അസിം മുനീർ അടിസ്ഥാനരഹിതമായ നിരവധി ആരോപണങ്ങൾ ഉന്നയിച്ചതായി യോഗത്തിൽ പങ്കെടുത്തവരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്താൻ ഇന്ത്യയ്ക്ക് “ഉചിതമായ മറുപടി” നൽകിയെന്നും, ഇന്ത്യയുടെ അത്യാധുനിക യുദ്ധവിമാനങ്ങൾ വെടിവെച്ച് വീഴ്ത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഇന്ത്യൻ ഔദ്യോഗിക വൃത്തങ്ങൾ ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞിട്ടുണ്ട്. വെടിനിർത്തൽ സൈനിക ഡയറക്ടർ ജനറൽ (ഡിജിഎംഒ) തലത്തിലുള്ള ചർച്ചകളിലൂടെ നേടിയതാണെന്നും അമേരിക്കയുടെ മധ്യസ്ഥത ഉണ്ടായിരുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

ഈ വിവാദ പരാമർശങ്ങൾ, ഇന്ത്യ-പാകിസ്താൻ ബന്ധത്തിലെ നിലവിലെ പിരിമുറുക്കങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നതാണ്. മെയ് 7 മുതൽ 10 വരെ നീണ്ടുനിന്ന സൈനിക സംഘർഷത്തിന് ശേഷം, പാകിസ്താന്റെ അഭ്യർത്ഥനപ്രകാരം ഇരുരാജ്യങ്ങളുടെയും സൈനിക ചർച്ചകളിലൂടെയാണ് വെടിനിർത്തൽ കൈവരിച്ചതെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു. അസിം മുനീറിന്റെ പരാമർശങ്ങൾ, പാകിസ്താൻ സൈന്യത്തിന്റെ ആഭ്യന്തര-ബാഹ്യ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താനും, പാകിസ്താന്റെ സൈനിക ശക്തി അന്താരാഷ്ട്രതലത്തിൽ ഉയർത്തിക്കാട്ടാനുമുള്ള ശ്രമമായാണ് ഈ പ്രസ്താവനകൾ വിലയിരുത്തപ്പെടുന്നത്.