
കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ റിമാൻഡിലായ ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. ബോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വരുന്ന ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇതോടെ അടുത്ത ചൊവ്വാഴ്ച വരെയെങ്കിലും ബോബി ജയിലിനകത്തു തന്നെ തുടരേണ്ടിവരും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി, ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
സമാന പരാമര്‍ശങ്ങളും ഇത്തരം കുറ്റങ്ങളും ഇനി ആവര്‍ത്തിക്കില്ലെന്ന് ബോബിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി, താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബിയുടെ അഭിഭാഷകർ വാദിച്ചു.
എന്നാൽ അടിയന്തരമായി ഹർജി പരിഗണിക്കാനാകില്ലെന്നും അത്തരത്തിൽ എന്ത് സാഹചര്യം ആണുള്ളതെന്നുമായിരുന്നു ഹൈക്കോടതി ചോദിച്ചത്. പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ഭാഷ ശ്രദ്ധിക്കേണ്ടതല്ലേയെന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാരിന് പറയാനുള്ളത് കൂടി കേട്ടിട്ട് തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കിയ കോടതി, സർക്കാരിന് മറുപടി പറയാൻ സമയം നൽകിക്കൊണ്ടാണ് ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂർ ഇന്നലെ രാത്രിമുതൽ എറണാകുളം ജില്ലാ ജയിലിലാണുള്ളത്. നിലവിലെ സാഹചര്യത്തിൽ 4 ദിവസം കൂടി ഏറ്റവും കുറഞ്ഞ പക്ഷം ജയിലിൽ തുടരേണ്ടിവരും.