അഹമ്മദാബാദ് വിമാനാപകടം; രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്കാരം വൈകിട്ട്

തിരുവനന്തപുരം: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ജി ആർ അനിൽ, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങി. രഞ്ജിതയ്ക്ക് ഇവർ അന്തിമോപചാരവും അര്‍പ്പിച്ചു. മൃതദേഹം ഉടന്‍ ജന്മനാടായ പത്തനംതിട്ട പുല്ലാടേക്ക് കൊണ്ടുപോകും.

രാവിലെ 10 മണിക്ക് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി വി എൻ വാസവൻ അന്തിമോപചാരം അർപ്പിക്കും. പൊതുദർശനം നടക്കുന്ന സ്കൂളിന് പുറമേ ഗതാഗത തടസ്സം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പുല്ലാട് വടക്കേകവല മോഡൽ യു പി സ്കൂളിനും കളക്ടർ അവധി പ്രഖ്യാപിച്ചു. രഞ്ജിതയോടുള്ള ആദരസൂചകമായി മൃതദേഹം പുല്ലാട്ട് എത്തുമ്പോൾ വ്യാപാരികൾ ഒരു മണിക്കൂർ കടകൾ അടച്ചിടും. വൈകിട്ട് 4.30 ന് വീട്ടുവളപ്പിലാണ് സംസ്കാരം.

ഡി എൻ എ പരിശോധനയിലൂടെ ഇന്നലെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. കേരളത്തിൽ സർക്കാർ ജോലിയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് രഞ്ജിത വിമാന അപകടത്തിൽപ്പെട്ടത്. എട്ട് മാസമായി ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത കേരളത്തിലെ സര്‍ക്കാര്‍ ജോലിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാട്ടിലെത്തിയത്. ജൂലൈയില്‍ ജോലിയില്‍ കയറാനായിരുന്നു രഞ്ജിത ഒരുങ്ങിയിരുന്നത്. ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള വിടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു രഞ്ജിതയുടെ യാത്രോദേശ്യം.

ഗോപകുമാരന്‍ നായര്‍ – തുളസി ദമ്പതികളുടെ ഇളയമകളാണ് രഞ്ജിത. പന്തളത്ത് നഴ്‌സിങ്ങില്‍ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലാണ് നഴ്സായി ജോലി ആരംഭിച്ചത്. അവിടെ നിന്നും ഒമാനിലേക്ക് പോയി. ഒമാനില്‍ നിന്നാണ് ബ്രിട്ടനിലേക്ക് ജോലി മാറുന്നത്. അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സര്‍ക്കാര്‍ ജോലി നേടിയ രഞ്ജിത, ദീര്‍ഘകാല അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. അമ്മ തുളസിക്കൊപ്പമാണ് രഞ്ജിതയുടെ ചെറിയ കുട്ടികളായ ഇന്ദുചൂഡന്‍, ഇതിക താമസിക്കുന്നത്.

More Stories from this section

family-dental
witywide