ബോയിങ് ഡ്രീം ലൈനർ വിമാനം; ഇന്ധന സ്വിച്ചുകളുടെ പരിശോധനയ്ക്ക് വിദേശ വിമാന കമ്പനികൾ

അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളിൽ

ബോയിങ് ഡ്രീം ലൈനർ വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ പരിശോധന വിദേശ വിമാന കമ്പനികൾ നിർവഹിക്കുന്നു. ഇത്തിഹാദ് വിമാന കമ്പനിക്ക് പിന്നാലെ സിംഗപ്പൂർ എയർലൈൻസും പരിശോധനകൾ ആരംഭിച്ചു. എന്നാൽ ഇന്ത്യൻ വിമാന കമ്പനികൾ ഇതുവരെ ഇന്ധന സ്വിച്ചുകളുടെ പരിശോധന ആരംഭിച്ചിട്ടില്ല. പരിശോധനയ്ക്കായി DGCA ഉത്തരവ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന.

എൻജിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫ് ആയതാണ് അഹമ്മദാബാദ് വിമാന അപകടത്തിന് കാരണമെന്നാണ് എയർ ക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തിയ അന്വേഷണത്തിലെ കണ്ടത്തൽ. സാങ്കേതിക തകരാർ മൂലം സ്വിച്ചുകൾ സ്വയം ഓഫ് ആയതാണോ പൈലറ്റുമാർ മനപൂർവ്വം ഓഫാക്കിയതാണോ എന്ന ദുരൂഹത നിലനിൽക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിമാനത്തിന് സാങ്കേതിക തകരാർ ഇല്ലെന്ന വാദം ഉയർത്തുന്നുണ്ട്. ബോയിംഗ് വിമാനങ്ങളിലെ എൻജിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ സുരക്ഷിതം എന്നാണ് വിമാന യാത്രാ കമ്പനികളെ അറിയിച്ചത്. 2018ൽ ഇതേ ഏജൻസി തന്നെ ഇന്ധന സ്വിച്ചുകളുടെ സാങ്കേതിക തകരാറിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയതാണ്. എയർക്രാഫ്റ്റ് ആക്സിഡൻറ് ബ്യൂറോയുടെ പ്രാഥമിക അന്വേഷണം റിപ്പോർട്ടിലും ഈ കാര്യം പരാമർശിച്ചിട്ടുണ്ട്.

അതേസമയം, സാങ്കേതിക തകരാർ അല്ല പൈലറ്റുമാരുടെ വീഴ്ച എന്ന വാദം പൈലറ്റ്മാരുടെ സംഘടന അംഗീകരിച്ചിട്ടില്ല. അന്വേഷണത്തിൽ പൈലറ്റ്മാരുടെ പ്രതിനിധിയെയും ഉൾപ്പെടുത്തണമായിരുന്നു. ജുഡീഷ്യൽ അന്വേഷണം അപകടവുമായി ബന്ധപ്പെട്ട് വേണമെന്നും ഇതിനായി നിയമവഴി ആലോചിച്ചു വരുന്നതായും പൈലറ്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.

More Stories from this section

family-dental
witywide