സെയ്‌ഫ് അലി ഖാനു മോഷ്‌ടാവിന്റെ കുത്തേറ്റു; ഗുരുതരം, നട്ടെല്ലിന് അടുത്തായി ഒന്നിലധികം മുറിവുകള്‍; അടിയന്തര ശസ്ത്രക്രിയ

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടില്‍ നടന്ന കവര്‍ച്ചാ ശ്രമത്തിനിടെയാണ് നടന് മോഷ്ടാവിന്റെ കുത്തേറ്റത്. നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ മോഷ്‌ടാവാണു പുലർച്ചെ രണ്ടരയോടെ നടനെ കുത്തിയത്. മറ്റു കുടുംബാംഗങ്ങളോടൊപ്പം ഉറങ്ങുന്നതിനിടെയായിരുന്നു സംഭവം. ബഹളംകേട്ടു വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് ഓടിപ്പോയതായി പൊലീസ് പറഞ്ഞു.

വീട്ടില്‍ അജ്ഞാതനായ ഒരാള്‍ ആക്രമിച്ചതിനെ തുടര്‍ന്നു പുലര്‍ച്ചെ മൂന്നരയോടെയാണു സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്. 6 മുറിവുകളുണ്ട്. ഇതില്‍ രണ്ടെണ്ണം ഗുരുതരമാണ്. നട്ടെല്ലിന് അടുത്തായി ഒന്നിലധികം പരുക്കുകളുണ്ട്. കഴുത്തിലും കുത്തേറ്റിട്ടുണ്ട്. അഞ്ചരയോടെ തുടങ്ങിയ ശസ്ത്രക്രിയ തുടരുകയാണ്. ന്യൂറോസര്‍ജന്‍, കോസ്‌മെറ്റിക് സര്‍ജന്‍ എന്നിവരുടെ സംഘമാണു ശസ്ത്രക്രിയ നടത്തുന്നതെന്ന് നടന്‍ ചികിത്സയിലുള്ള ലീലാവതി ആശുപത്രി സിഒഒ ഡോ.നീരജ് ഉറ്റാമനി അറിയിച്ചു.

സെയ്ഫ് അലി ഖാനും കരീന കപൂറും മക്കളും പുതുവത്സര അവധിക്ക് സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നുവെന്നും കഴിഞ്ഞയാഴ്ചയാണ് അവര്‍ മുംബൈയിലേക്ക് മടങ്ങിയെത്തിയതെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. കരീനയ്‌ക്കോ കുട്ടികള്‍ക്കോ പരുക്കൊന്നും ഉണ്ടായിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി

More Stories from this section

family-dental
witywide