മഹാകുംഭമേളയില്‍ പുണ്യസ്‌നാനം നടത്തി സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മംമ്ത കുല്‍ക്കര്‍ണി, ഇനി ‘യാമൈ മമത നന്ദഗിരി’

പ്രയാഗ്‌രാജ് : 1990 കളില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന ബോളിവുഡ് നടി മംമ്ത കുല്‍ക്കര്‍ണി മഹാകുംഭമേളയില്‍ പുണ്യസ്‌നാനം നടത്തി സന്യാസം സ്വീകരിച്ചു. കിന്നര്‍ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച 52കാരി മംമ്ത, യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു.

കിന്നര്‍ അഖാരയില്‍ ‘മഹാമണ്ഡലേശ്വര്‍’ ആയി സ്ഥാനാരോഹണം നടത്തിയ മംമ്ത വെള്ളിയാഴ്ച വൈകുന്നേരം നടന്ന സംഗമത്തില്‍ ‘പിണ്ഡ് ദാനം’ എന്ന ചടങ്ങ് നടത്തി. താരത്തിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടു. ദൃശ്യങ്ങളില്‍, അവര്‍ കാവി വസ്ത്രം ധരിച്ച് കഴുത്തില്‍ രുദ്രാക്ഷ മാല ധരിച്ചിരിക്കുന്നതായി കാണാം.

രണ്ടു വര്‍ഷമായി അഖാഡയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുണ്ടായിരുന്നു. ഏറെക്കാലമായി സിനിമാമേഖലയില്‍നിന്നു വിട്ടുനില്‍ക്കുന്ന മമത വിവാഹത്തിനു ശേഷം കെനിയയിലാണു താമസിച്ചിരുന്നത്. 25 വര്‍ഷത്തിനുശേഷമാണ് മമത ഇന്ത്യയിലെത്തിയത്.