
തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലും ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിലാണ് മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. രണ്ട് ക്ഷേത്രങ്ങളിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകുന്നേരത്തോടെ പൊട്ടിത്തെറി ഉണ്ടാകുമെന്നുമാണ് സന്ദേശത്തിൽ പറഞ്ഞത്. ഭീഷണി സന്ദേശത്തിന് പിന്നാലെ പോലീസും ബോംബ് സ്‌ക്വാഡും ക്ഷേത്രങ്ങളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല. വ്യാജ സന്ദേശമാണിതെന്നാണ് പോലീസ് പറയുന്നത്.
നേരത്തെ തിരുവനന്തപുരത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കോടതികള്‍ക്കും ബോംബ് ഭീഷണികള്‍ വന്നിരുന്നു. സമാനസ്വാഭാവത്തിലുള്ള ഭീഷണിസന്ദേശമാണ് ഇത്തവണ ക്ഷേത്രങ്ങള്‍ക്കും ലഭിച്ചത്. മുന്‍പ് വന്ന ഭീഷണിസന്ദേശങ്ങളെല്ലാം ഡാര്‍ക്ക് നെറ്റ് വഴി അയച്ചതായിരുന്നു. അതിനാല്‍തന്നെ വ്യാജസന്ദേശങ്ങള്‍ക്ക് ആരാണ് അയച്ചത് എന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അതേസമയം ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലിന് നേരേയും ബോംബ് ഭീഷണി ഉയർന്നിരുന്നു. ഭീഷണി സന്ദേശത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിന് പിന്നാലെ ബോംബ് സ്‌ക്വാഡും പോലീസും സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തെങ്കിലും ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ഭീഷണി സന്ദേശം വ്യാജമാണെന്ന് ഡൽഹി പോലീസ് കണ്ടെത്തി.










