
ന്യൂഡൽഹി: ബോംബർ വിമാനങ്ങൾ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും. ലോകത്ത് ഏത് ഭൂഖണ്ഡങ്ങളിലും ചെന്ന് ആക്രമിക്കാൻ പ്രാപ്തിയുള്ള ബോംബർ വിമാനങ്ങൾ സ്വന്തമായുള്ളത് യു.എസ്, റഷ്യ, ചൈന എന്നിമൂന്ന് രാജ്യങ്ങൾക്ക് മാത്രമാണ്. ആ പട്ടികയിലേക്ക് എത്താനൊരുങ്ങുകയാണ് ഇന്ത്യയും. വ്യോമസേനയ്ക്ക് വേണ്ടി അത്തരമൊരു സ്ട്രാറ്റജിക് ബോംബർ വികസിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചുവെന്നാണ് പ്രതിരോധ മാധ്യമങ്ങൾ നൽകുന്ന സൂചന. അൾട്രാ ലോങ് റേഞ്ച് സ്ട്രൈക്ക് എയർക്രാഫ്റ്റ് (ULRA) എന്ന് പേരിട്ടിരിക്കുന്ന ബോംബർ വിമാന പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
റഷ്യയുടെ ടി.യു-160, യു എസിൻ്റെ ബി-21 തുടങ്ങിയ ബോംബർ വിമാനങ്ങളുടെ ഡിസൈനുകളിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഇന്ത്യയുടെ തദ്ദേശീയ സ്ട്രാറ്റജിക് ബോംബർ വികസിപ്പിക്കുക എന്നാണ് പ്രാഥമിക വിവരം. കുറഞ്ഞത് 12,000 കിലോമീറ്റർ ദൂരം വരെ പറന്ന് ചെന്ന് ആക്രമണം നടത്താൻ കഴിയുമെന്നും 12,000 കിലോയോളം (12 ടൺ) ആയുധങ്ങൾ വഹിച്ചുകൊണ്ട് 12,000 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കുന്ന അൾട്രാ ലോങ് റേഞ്ച് സ്ട്രൈക്ക് എയർക്രാഫ്റ്റാണ് ഇതെന്നുമാണ് റിപ്പോർട്ടുകൾ. റഡാർ നിരീക്ഷണങ്ങളെ മറികടക്കുന്ന സ്റ്റെൽത്ത് ശേഷി, വൻതോതിൽ ആയുധങ്ങൾ വഹിക്കാനുള്ള ശേഷി എന്നിവ ഇന്ത്യയുടെ അൾട്രാ ലോങ് റേഞ്ച് സ്ട്രൈക്ക് എയർക്രാഫ്റ്റിനുണ്ടാകും പദ്ധതി യാഥാർഥ്യത്തിലെത്തിയാൽ ലോകത്ത് എവിടെ വേണമെങ്കിലും ചെന്ന് ആക്രമണം നടത്താനുള്ള ശേഷി ഇന്ത്യൻ വ്യോമസേനയ്ക്കും സ്വന്തമാകും.
ആണവായുധ ആക്രമണമുണ്ടായാൽ എവിടെ ചെന്നും ആണവ ബോംബുകൾ വർഷിക്കാൻ ഇന്ത്യയ്ക്ക് സാധിക്കും. നിലവിൽ ആണവ പ്രത്യാക്രമണത്തിന് ഇന്ത്യയുടെ പക്കൽ ഭൂഖണ്ഡാന്തര മിസൈലുകളാണ് ഉള്ളത് ഇവയുടെ പരിമിതികളെ മറികടക്കുന്നവയാണ് സ്ട്രാറ്റജിക് ബോംബറുകൾ. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, അഗ്നി-1പി ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ, ലേസർ ഗൈഡഡ് ബോബുകൾ, റഡാർ സംവിധാനങ്ങളെ കണ്ടെത്തി നശിപ്പിക്കുന്ന ആൻ്റി റേഡിയേഷൻ മിസൈലുകൾ എന്നിവ വഹിക്കാനുള്ള ശേഷിയാണ് ഇന്ത്യയുടെ ബോംബർ വിമാനത്തിനായി വിഭാവനം ചെയ്തിരിക്കുന്നത്. വൈവിധ്യമാർന്ന ആയുധങ്ങൾ വഹിക്കാനുള്ള ശേഷി ഇന്ത്യയുടെ ആക്രമണത്തിന് മൂർച്ചകൂട്ടും. ബോംബർ വിമാന നിർമാണത്തിനുള്ള സാങ്കേതിക സഹായങ്ങൾ റഷ്യയിൽ നിന്നും ഫ്രാൻസിൽ നിന്നും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ഇന്ത്യയ്ക്ക് മൂന്ന് തരത്തിൽ ആണവായുധങ്ങൾ പ്രയോഗിക്കാനുള്ള ശേഷിയുണ്ട്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ, അന്തർവാഹിനിയിൽ നിന്ന് പ്രയോഗിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകൾ, യുദ്ധവിമാനങ്ങളിൽ നിന്ന് പ്രയോഗിക്കാവുന്ന ഷോർട്ട് റേഞ്ച് മിസൈലുകൾ എന്നിവയാണവ. ബോംബർ വിമാനത്തിന്റെ പ്രാഥമിക ഡിസൈൻ വരുംവർഷങ്ങളിൽ പുറത്തുവിടും. 2035ൽ തന്നെ പ്രോട്ടോടൈപ്പ് പരീക്ഷണം ആരംഭിക്കാനുള്ള ലക്ഷ്യം മുൻനിർത്തിയാണ് വികസന പദ്ധതികൾ നടക്കുന്നത്. പൂർത്തിയായാൽ ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഎംസിഎയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ പദ്ധതിയാകും ഇത്. രാജ്യത്തിന് 12 മുതൽ 14 ബോംബർ വിമാനങ്ങൾ വേണ്ടിവരുമെന്നാണ് കരുതുന്നത്. ഇന്ത്യയുടെ പ്രതിരോധ ബജറ്റിൽ വൻ വർധന ഉണ്ടാക്കിയേക്കാവുന്ന പദ്ധതിയാണ് നടപ്പിലാക്കാന്ർ ഒരുങ്ങുന്നത്.