
ദില്ലി: ‘അതിർത്തി വേലി’യുമായി ബന്ധപ്പെട്ടുള്ള ഇന്ത്യ – ബംഗ്ലാദേശ് തർക്കം മുറുകുന്നു. വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണർ പ്രണോയ് വർമ്മയെ ഇന്നലെ ബംഗ്ലാദേശ് വിളിച്ചുവരുത്തിയതിന് അതേ നിലയിൽ തിരിച്ചടി നൽകി ഇന്ത്യ. ഇന്ന് വൈകിട്ടോടെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ ഇക്കാര്യത്തിലെ പ്രതിഷേധം അറിയിച്ചു. അതിർത്തി വേലിയുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഉന്നയിക്കുന്ന ആരോപണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ, അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കാനാണ് ഇന്ത്യയുടെ നീക്കമെന്നും ബംഗ്ലാദേശിനെ അറിയിച്ചു. അതിർത്തി കടന്നുള്ള കുറ്റകൃത്യം തടയാൻ ബംഗ്ലാദേശിനും ഉത്തരവാദിത്വമുണ്ട്. വേലി കെട്ടലും സാങ്കേതിക സൗകര്യങ്ങൾ സ്ഥാപിക്കുന്നതും സുരക്ഷാ നടപടികളുടെ ഭാഗമെന്നും ഇന്ത്യ വ്യക്തമാക്കി.
ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ നുറല്‍ ഇസ്ലാമിനെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. 4,156 കിലോമീറ്റര്‍ ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഞ്ച് പ്രത്യേക സ്ഥലങ്ങളില്‍ വേലി നിര്‍മിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുവെന്ന ആരോപണമാണ് ബംഗ്ലാദേശ് ഉന്നയിച്ചത്. അതിര്‍ത്തിയിലെ വിഷയങ്ങൾക്കായി നിലവിലുള്ള ഉഭയകക്ഷി കരാറിന്റെ ലംഘനമാണ് അതിർത്തി വേലിയിലെ ഇന്ത്യൻ നടപടി എന്നാണ് ബംഗ്ലാദേശ് അവകാശപ്പെടുന്നത്.
അതിനിടെ ബംഗ്ലാദേശ് അതിർത്തിയിൽ മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും ബംഗ്ലാദേശുമായി മികച്ച സൈനിക സഹകരണമുണ്ടെന്നുമാണ് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞത്. അയൽക്കാർ എന്ന നിലയിൽ ബംഗ്ലാദേശ്, ഇന്ത്യക്ക് വളരെ പ്രധാന്യമുള്ള രാജ്യമാണ്. ബംഗ്ലാദേശ് സൈന്യവുമായി നിലവിൽ സഹകരണം തുടരുന്നുണ്ടെന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാർ വന്നാലെ മറ്റ് ചർച്ചകൾക്ക് സാധ്യതയുള്ളൂ എന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി അഭിപ്രായപ്പെട്ടിരുന്നു.














