
ഭ്രമയുഗത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചതിൽ നന്ദി അറിയിച്ച് മമ്മൂട്ടി. അവാർഡ് പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ മെഗാസ്റ്റാർ, ചിത്രത്തിന്റെ കഥയും കഥാപാത്രവും എല്ലാം വ്യത്യസ്തമായിരുന്നു എന്നും വിവരിച്ചു. അവാർഡിനു വേണ്ടി ചെയ്തത സിനമയല്ല ഭ്രമയുഗമെന്നും അദ്ദേഹം വ്യക്തമാക്കി. പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
ആസിഫ് അലി, ടൊവിനോ തോമസ്, ഷംല ഹംസ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവർക്കും അഭിനന്ദനമറിയിച്ച മമ്മൂട്ടി, ഇതൊരു യാത്ര മാത്രമാണെന്നും കൂടെനടക്കാൻ ഒത്തിരി ആളുകളുണ്ടാകുമെന്നും പറഞ്ഞു. അവരെയെല്ലാം ഒപ്പം കൂട്ടി മുന്നോട്ടു പോകണം, മത്സരമായി കാണേണ്ടതില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പുതുതലമുറയാണ് ഇത്തവണ അവാർഡുകൾ മൊത്തം കൊണ്ടുപോയതെന്ന മാധ്യമ ചോദ്യത്തിന്, “ഞാൻ എന്താ പഴയതാണോ? ഞാനും ഈ തലമുറയിലല്ലേ?” എന്ന രസകരമായ മറുപടിയുമായി മമ്മൂട്ടി. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചുകൊണ്ടാണ് അദ്ദേഹം പ്രതികരണം അവസാനിപ്പിച്ചത്.














