117 വയസ്സ് തികയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന ബ്രസീലിയന്‍ കന്യാസ്ത്രീ അന്തരിച്ചു

സാവോ പോളോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന ബ്രസീലിയന്‍ കന്യാസ്ത്രീ അന്തരിച്ചു. സിസ്റ്റര്‍ ഇനാ കാനബാരോയാണ് 116ാം വയസില്‍ വിടപറഞ്ഞത്. 117 വയസ്സ് തികയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇനായുടെ ജീവിതയാത്ര അവസാനിച്ചത്. വാര്‍ധക്യ സഹജകാരണങ്ങളാലായിരുന്നു മരണമെന്ന് അവരുടെ തെരേസിയന്‍ കന്യാസ്ത്രീ സഭയായ കമ്പനി ഓഫ് സെന്റ് തെരേസ ഓഫ് ജീസസ് പറഞ്ഞു.

ലോകമെമ്പാടുമുള്ള 110 വയസ് കവിഞ്ഞ വ്യക്തികളെ കണ്ടെത്തുന്ന സംഘടനയായ ലോംഗെവിക്വസ്റ്റ് ജനുവരിയില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഈ കന്യാസ്ത്രീയെ സ്ഥിരീകരിച്ചിരുന്നു. മെയ് 27 നായിരുന്നു അവര്‍ക്ക് 117 വയസ്സ് തികയേണ്ടിയിരുന്നത്. 2024 ഫെബ്രുവരിയില്‍ ലോംഗെവിക്വസ്റ്റ് എടുത്ത ഒരു വീഡിയോയില്‍, തന്റെ കത്തോലിക്കാ വിശ്വാസമാണ് തന്റെ ദീര്‍ഘായുസ്സിന്റെ താക്കോല്‍ എന്ന് കാനബാറോ പറഞ്ഞു. പ്രശസ്ത ബ്രസീലിയന്‍ ജനറലായിരുന്നു അവരുടെ മുതുമുത്തച്ഛന്‍.

110-ാം ജന്മദിനത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പ അവരെ ആദരിച്ചു. 2023-ല്‍ 118-ാം വയസ്സില്‍ മരിച്ച ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്ന ലൂസില്‍ റാന്‍ഡന് ശേഷം ജീവിച്ച ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ കന്യാസ്ത്രീയായിരുന്നു അവര്‍.

ലോംഗെവിക്വസ്റ്റിന്റെ അഭിപ്രായത്തില്‍, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ഇപ്പോള്‍ 115 വയസ്സുള്ള ബ്രിട്ടീഷ് വനിതയായ എഥല്‍ കാറ്റര്‍ഹാമാണ്.

More Stories from this section

family-dental
witywide