
റിയോ ഡി ജനൈറോ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബ്രിക്‌സ് രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന ഭീഷണി തള്ളി ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ. ലോകം മാറിയിരിക്കുന്നുവെന്നും നമുക്ക് ഇനി ചക്രവർത്തിമാരെ ആവശ്യമില്ലെന്നും ബ്രസീൽ പ്രസിഡൻ്റ് പ്രതികരിച്ചു. റിയോ ഡി ജനൈറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ അവസാന ദിവസമായ തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിൽവ.
ആഗോള സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കാൻ പുതിയ വഴികൾ നോക്കുന്ന ഒരു കൂട്ടം രാജ്യങ്ങളുടെ സംഘടനയാണ് ബ്രിക്‌സ്. ഇത് കൊണ്ടാണ് ബ്രിക്‌സ് ആളുകളെ അസ്വസ്ഥരാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകരാജ്യങ്ങൾക്ക് ഡോളറിനെ ആശ്രയിക്കാതെ വ്യാപാരം നടത്താനുള്ള വഴികൾ കണ്ടെത്തണം. നമ്മുടെ കേന്ദ്ര ബാങ്കുകൾ മറ്റുള്ള രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുമായി ഇത് ചർച്ച ചെയ്യണം. ഏകീകരിപ്പിക്കുന്നത് വരെ ഇത് പതുക്കെ നടന്നു കൊണ്ടിരിക്കുമെന്നും സിൽവ കൂട്ടിച്ചേർത്തു.
അതേസമയം, യുഎസിന്റെ അധിക നികുതി ഭീഷണിക്ക് എതിരെ ബ്രിക്സ് രാജ്യങ്ങൾ ശ്രദ്ധാപൂർവമാണ് പ്രതികരിക്കുന്നത്. തീരുവയുമായി ബന്ധപ്പെട്ട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ത്യയും യുഎസും തമ്മിൽ വ്യാപാരക്കരാർ നടപ്പിലാക്കാനുള്ള അവസാനവട്ട ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ്. നിലവിൽ ബ്രിക്സ് രാജ്യങ്ങളിലെ അംഗമായ ചൈനയുമായി യു.എസ് വ്യാപാരക്കരാറിലെത്തിയിട്ടുണ്ട്. ഈ വർഷം തുടക്കം മുതലാണ് ട്രംപ് 14 രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കാൻ തീരുമാനിച്ചത്.
പുതുക്കിയ തീരുവ പ്രകാരം ദക്ഷിണ കൊറിയ, ജപ്പാൻ എന്നീരാജ്യങ്ങൾക്ക് 25%, മ്യാൻമർ, ലാവോസ് എന്നീരാജ്യങ്ങൾക്ക് 40%, ദക്ഷിണ ആഫ്രിക്ക, ബൊസാനിയ, ഹെർസ്‌ഗോവിനി എന്നീരാജ്യങ്ങൾക്ക് 30%, കസാക്കിസ്താൻ, മലേഷ്യ, ട്യൂണിഷ്യ എന്നീരാജ്യങ്ങൾക്ക് 32%, ബംഗ്ലാദേശ്, സെർബിയ എന്നീരാജ്യങ്ങൾക്ക് 35%, കംബോഡിയ, തായ്‌ലാന്റ് എന്നീരാജ്യങ്ങൾക്ക് 36% എന്നിങ്ങനെ തീരുവ ബാധകമാവും. ട്രൂത്ത് സോഷ്യലിൽ പങ്ക് വെച്ച കത്തിലാണ് പുതുക്കിയ തീരുവകൾ ട്രംപ് അറിയിച്ചത്.
അതേസമയം, എല്ലാ രാജ്യങ്ങൾക്കും ചുമത്താൻ തീരുമാനിച്ച 10% അടിസ്ഥാന നികുതി നടപ്പിലാക്കാൻ യുഎസ് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് വാർത്താ ഏജൻസി റോയിറ്റേഴ്സ‌് പറഞ്ഞു. എന്നാൽ ഏതെങ്കിലും രാജ്യം അമേരിക്കൻ വിരുദ്ധ നിലപാട് എടുക്കുകയാണെങ്കിൽ നടപടി സ്വീകരിക്കും. ആഗോള വ്യാപാരത്തിൽ അമേരിക്കൻ ഡോളറിന്റെ ആധിപത്യത്തിന് ആരെങ്കിലും വെല്ലുവിളിച്ചാൽ 100% നികുതി ഈടാക്കും എന്ന് ബ്രിക്സ് രാജ്യങ്ങളോട് ട്രംപ് ഈ വർഷം ആദ്യം അറിയിച്ചിരുന്നു.