
ന്യൂഡല്‍ഹി : ഇന്ത്യയെ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ നേരിടാനും ഭീകരര്‍ക്ക് സുരക്ഷിത താവളം നല്‍കുന്നവരെ എതിര്‍ക്കാനും ഉച്ചകോടിയില്‍ ധാരണയായി. ഇറാനില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തേയും ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തെയും ബ്രിക്‌സ് ഉച്ചകോടി അപലപിച്ചു. ഇന്ത്യ കൂടി അംഗീകരിച്ച പ്രമേയത്തിലാണ് പരാമര്‍ശം. അതേസമയം, ഇന്ത്യക്കും ബ്രസീലിനും യുഎന്നില്‍ കൂടുതല്‍ പങ്കാളിത്തം നല്‍കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു.
ഭീകരവാദമാണ് മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളിയെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൂടാതെ, ഭീകരവാദികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതില്‍ ഒരു മടിയും പാടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണം മാനവരാശിക്കാകെ എതിരായ ആക്രമണം ആയിരുന്നെന്നും ഇന്ത്യയുടെ കൂടെ നിന്ന എല്ലാ രാജ്യങ്ങള്‍ക്കും നന്ദി എന്നും മോദി പറഞ്ഞു. ബ്രിക്‌സ് ഉച്ചകോടിയില്‍ സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത അറിയിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഭീകരാക്രമണത്തോടുള്ള നിലപാട് സൗകര്യം അനുസരിച്ചാകരുതെന്നും എവിടെ നടന്നു എന്നത് നോക്കി നയം സ്വീകരിച്ചാല്‍ അത് മാനവരാശിക്കെതിരാകും എന്നും മോദി അഭിപ്രായപ്പെട്ടു. ഭീകരരെ പിന്തുണയ്ക്കുന്നവരെയും ഇരകളെയും ഒരേപോലെ കാണരുതെന്നും ഭീകരതയെ ഗൗരവത്തോടെ നേരിടുന്നില്ലെന്ന സന്ദേശം പാടില്ലെന്നും ബ്രിക്‌സിനോട് മോദി നിലപാട് വ്യക്തമാക്കി. ഗാസയിലെ മാനുഷിക സ്ഥിതി ആശങ്കാജനകമെന്നും സമാധാനം എത്രയും വേഗം പുനസ്ഥാപിക്കണമെന്നും പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യ യുദ്ധങ്ങള്‍ക്കെതിരെന്നും പറഞ്ഞു.
ഇതിനിടെ, യുഎസിന്റെ പേര് പരാമര്‍ശിക്കാതെ, വിവേചനരഹിതമായ താരിഫ് വര്‍ധനയെയും ബ്രിക്സ് കൂട്ടായ്മ പ്രഖ്യാപനം വിമര്‍ശിച്ചു, അത്തരം നടപടികള്‍ ആഗോള വ്യാപാരത്തെ ദുര്‍ബലപ്പെടുത്തുകയും ആഗോള വിതരണ ശൃംഖലകളെ തടസപ്പെടുത്തുകയും ചെയ്യും.
ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ സ്ഥാപക അംഗങ്ങളായുള്ള ബ്രിക്സ് കൂട്ടായ്മയുടെ പതിനേഴാമത് ഉച്ചകോടിയാണ് റിയോ ഡി ജനീറോയില്‍ ഇന്നലെ ആരംഭിച്ചത്. ഇന്നു സമാപിക്കും.