തിരുവനന്തപുരം വിമാനത്താവളത്തില്‍ ഏറെ നാളായി പണിമുടക്കി കിടന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ന് ഒടുവിൽ മോചനം. ഈ മാസം 22ന് ബ്രിട്ടണിലേക്ക് എഫ് 35 തിരിച്ചുപറന്നേക്കുമെന്നാണ് സൂചന. വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു.
അറബിക്കടലില്‍ ബ്രിട്ടീഷ് സേനയുടെ സൈനികാഭ്യാസത്തിന്റെ ഭാഗമായിരുന്ന എഫ് 35 യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് അടിയന്തരമായി ഇറക്കുകയായിരുന്നു. തുടർന്ന് ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ തകരാര്‍ മൂലം കൂടുതല്‍ ദിവസം വിമാനത്താവളത്തില്‍ വിമാനത്തിന് തങ്ങേണ്ടി വരികയായിരുന്നു. ബ്രിട്ടണില്‍ നിന്നെത്തിയ വിദഗ്ധര്‍ തകരാര്‍ പരിഹരിക്കാനായി എത്തിയതോടെ യുദ്ധവിമാനം എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റിയിരുന്നു.
നിശ്ചിത തുക വാടക ഇനത്തിൽ ഈടാക്കിയാണ് യുദ്ധവിമാനത്തിന് വിമാനത്താവളത്തില്‍ അധികൃതര്‍ പാര്‍ക്കിങ് ഒരുക്കിയത്. അദാനി കമ്പനി ബ്രിട്ടീഷ് അധികൃതരില്‍ നിന്ന് വാടക ഈടാക്കുന്നത് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വിഭാഗത്തെ ഉദ്ധരിച്ചുകൊണ്ട് സിഎന്‍ബിസി ടിവി-18 നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം പ്രതിദിനം 26,261 രൂപയാണ്. അങ്ങനെയെങ്കിൽ ജൂണ്‍ 14 മുതലുള്ള വാടക കണക്കാക്കുമ്പോൾ 892,874 രൂപയാണ് കേരളത്തിന് ലഭിക്കുക. ലാന്‍ഡിങ് ചാര്‍ജായി 1-2ലക്ഷം രൂപ വരെ നല്‍കേണ്ടി വരും.









