
തിരുവനന്തപുരം: തിരികെപ്പറക്കാന്‍ സജ്ജമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടിഷ് യുദ്ധവിമാനം എഫ് 35 ബി. ഒരു മാസത്തിലേറെയായി തിരുവനന്തപുരത്തുണ്ടായിരുന്ന വിമാനം തകരാര്‍ പരിഹരിച്ചതോടെ വിമാനത്താവളത്തിലെ ഹാങ്ങറില്‍നിന്ന് ഇന്നു പുറത്തിറക്കും.
വിമാനം നാളെ തിരികെപ്പറക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും അന്തിമ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ ഇന്നു തന്നെ കൊണ്ടുപോകുന്നതും പരിഗണിക്കുന്നുണ്ട്. തകരാര്‍ പരിഹരിക്കാന്‍ എത്തിയ 14 അംഗ വിദഗ്ധ സംഘത്തെ തിരികെക്കൊണ്ടുപോകാന്‍ ബ്രിട്ടനില്‍ നിന്നുള്ള ഗ്ലോബ്മാസ്റ്റര്‍ വിമാനം നാളെയെത്തും. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന്റെ തകരാര്‍ പരിഹരിക്കാനെത്തിച്ച ഉപകരണങ്ങളും തിരികെക്കൊണ്ടുപോകേണ്ടതുണ്ട്.
ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്നാണ് ജൂണ്‍ 14ന് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തരമായി ഇറക്കുന്നതിനിടെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ സംഭവിക്കുകയായിരുന്നു. ശത്രുവിന്റെ റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിവുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനം.
അതേസമയം, വാടക ഇനത്തില്‍ 8 ലക്ഷത്തോളം രൂപ വിമാനത്താവളത്തിനും ഹാങര്‍ സംവിധാനം നല്‍കിയതിന് എയര്‍ ഇന്ത്യയ്ക്കും ലഭിക്കും.