ട്രംപിന് മറുപടിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി; 2028 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തി

ന്യൂഡൽഹി: ഇന്ത്യ സാമ്പത്തിക മുന്നേറ്റത്തിന്റെ് പാതയിലാണെന്നും 2028 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയാകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. ഇന്ത്യൻ സമ്പദ് വ്യവസ്ഥ നിർജീവാവസ്ഥയിലാണെന്നുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് മറുപടിയായാണ് ബ്രീട്ടിഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന. നമസ്കാർ ദോസ്തോം… എന്ന് ഹിന്ദിയിൽ അഭിവാദ്യം ചെയ്തു ആരംഭിച്ച പ്രസംഗത്തിലാണ് 2028 ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി തീരാനുള്ള ലക്ഷ്യത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃപാടവത്തെയും അഭിനന്ദിക്കാൻ ആഗ്രഹിക്കുകയാണെന്ന് സ്റ്റാർമർ വ്യക്തമാക്കിയത്.

2047 ഓടെ ഇന്ത്യയെ സമ്പൂർണ വികസിത രാഷ്ട്രമായി മാറ്റുന്നതിനുള്ള പ്രധാനമന്ത്രി മോദിയുടെ വികസിത ഭാരതം എന്ന ദീർഘവീക്ഷണത്തെയും അഭിനന്ദിക്കുന്നു. ഇവിടെ ഞാൻ കാണാനിടയായ എല്ലാ സംഗതികളും വികസിതരാഷ്ട്രമെന്ന ലക്ഷ്യത്തിലേക്കുള്ള കൃത്യമായ പാതയിലാണ് ഇന്ത്യ എന്നതിന്റെ തെളിവുകളാണെന്നും ഇന്ത്യയുടെ വികസനമുന്നേറ്റത്തിൽ പങ്കാളിയാകാൻ യുകെ ആഗ്രഹിക്കുന്നതായും സ്റ്റാർമർ പറഞ്ഞു. തൻ്റെ ഇന്ത്യാസന്ദർശനം ഉഭയകക്ഷി വ്യാപാരകരാറിനെ ഊട്ടിയുറപ്പിക്കാനുള്ളതാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻ്റെ നിർണായക ഘടകമാണ് ആ കരാറെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

സ്റ്റാർമറിൻ്റെ പ്രഥമ ഇന്ത്യാസന്ദർശനത്തിൽ ഇന്ത്യ-പസഫിക്, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ നിർണായക പ്രാദേശികവിഷയങ്ങൾ ഉൾപ്പെടെയുള്ളവ ചർച്ചയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗജന്യ വ്യാപാര കരാർ സാധ്യമായതിന് പിന്നാലെയുള്ള സ്റ്റാർമറിന്റെ സന്ദർശനം ഇന്ത്യ-യുകെ ബന്ധത്തിൽ പുതിയ ഉണർവ് പ്രതിഫലിക്കുന്നു. ഒൻപത് യുകെ സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസുകൾ ആരംഭിക്കുമെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്നുള്ള ട്രംപിൻ്റെ നിർദേശം ഇന്ത്യ അവഗണിച്ചതിനെ തുടർന്ന് ഇന്ത്യയുമായുള്ള വ്യാപാരബന്ധത്തിൽ ട്രംപിന്റെ ഭാഗത്തുനിന്നുള്ള അനിഷ്‌ടങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങിയ സന്ദർഭത്തിലായിരുന്നു ട്രംപ് ആഴ്ചകൾക്ക് മുൻപാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിർജീവമാണെന്ന് പരിഹസിച്ചത്.

More Stories from this section

family-dental
witywide