
ലണ്ടൻ: ഹിന്ദി സംസാരിച്ച ഇന്ത്യൻ തൊഴിലാളികൾക്കെതിരെ ബ്രിട്ടീഷ് യുവതിയുടെ പരാതി. ലണ്ടൻ വിമാനത്താവളത്തിലെ വസ്ത്രവ്യാപാര ശാലയിൽ ഹിന്ദി സംസാരിച്ച ഇന്ത്യൻ തൊഴിലാളികൾക്കെതിരെയാണ് ലൂസി വൈറ്റ് എന്ന ബ്രിട്ടീഷ് യുവതി പരാതിയുമായി എത്തിയത്. മനസിലാകാത്ത ഒരു ഭാഷയിലാണ് അവർ പരസ്പരം സംസാരിച്ചതെന്നും ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ പാടില്ലെന്നും ആവശ്യപ്പെട്ടാണ് കടയുടമയ്ക്ക് പരാതി നൽകിയത്.
ലണ്ടൻ എയർപ്പോർട്ടിനുള്ളിലെ മാർക്സ് ആൻഡ് സ്‌പെൻസർ എന്ന വസ്ത്രവ്യാപാര ശാലയിൽ പർച്ചേസിനായി കയറിയപ്പോൾ അവിടെയുള്ള ഇന്ത്യൻ വംശജരായ തൊഴിലാളികൾ ഹിന്ദിയിൽ പരസ്പരം സംസാരിച്ചതാണ് ലൂസിയെ ചൊടിപ്പിച്ചത്. ഇതെന്ത് ഭാഷയാണ് നിങ്ങൾ സംസാരിക്കുന്നത് എന്ന് ലൂസി ചോദിച്ചപ്പോൾ ‘ഹിന്ദി’ എന്ന് തൊഴിലാളികൾ മറുപടി നൽകി. ഇതിൽ പ്രകോപിതയായ ലൂസി സ്ഥാപനത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പരാതി നൽകുകയായിരുന്നു. തന്റെ പക്കൽ വോയിസ് റെക്കോർഡിങ്ങുകൾ ഉണ്ടെന്നും ഇവരെ എല്ലായ്‌പ്പോഴും നേരിടേണ്ടിവരുമെന്നുമുള്ള വംശീയത നിറഞ്ഞ അഭിപ്രായമാണ് തൻ്റെ എക്സ് പോസ്റ്റിലൂടെ ലൂസി തുറന്നുപറഞ്ഞത്.