
പാലക്കാട്: അട്ടപ്പാടി കരുവാര ഊരിൽ പണി പാതിയായി നിർത്തിയ വീടിന്‍റെ സൺഷേഡ് തകർന്നുവീണ് ഏഴും നാലും വയസ്സുള്ള സഹോദരങ്ങൾക്ക് ദാരുണാന്ത്യം. ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ ആറുവയസ്സുകാരൻ അഭിനയ്ക്ക് ഗുരുതര പരിക്കേറ്റു. കുട്ടിയെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുക്കാലിയിൽനിന്ന് നാല് കിലോമീറ്റർ വനത്തിനുള്ളിലാണ് അപകടം.
ഉപയോഗശൂന്യമായ എട്ടുവർഷം പഴക്കമുള്ള വീടിന്‍റെ മേൽക്കൂരയില്ലാത്ത സൺഷേഡിലേക്ക് കുട്ടികൾ കളിക്കാൻ കയറിയതാണ് ദുരന്തമായത്. മഴയും വെയിലും കൊണ്ട് ദുർബലമായിരുന്നു നിർമാണം. സ്കൂൾ അവധി ദിനത്തിൽ കുട്ടികൾ പതിവുപോലെ കളിക്കാനെത്തിയപ്പോഴാണ് അപകടം. സ്ഥിരമായി കുട്ടികൾ ഇതിന് മുകളിൽ കയറാറുണ്ട്. വീട്ടുകാരും ഈ വീടിന് മുകളിൽ തുണി ഉണക്കാൻ ഇടാന്‍ എത്താറുണ്ട്. തൊട്ടടുത്ത വീട്ടിലെ അജയ്-ദേവി ദമ്പതികളുടെ മക്കളാണ് മരിച്ചത്. വനംവകുപ്പ് ജീപ്പിലാണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹങ്ങൾ കോട്ടത്തറ ആശുപത്രി മോർച്ചറിയിൽ.













