
ന്യൂഡൽഹി : ബംഗ്ലാദേശിലെ ഇൻക്വിലാബ് മഞ്ച (Inquilab Moncho) നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലേക്ക് കടന്നുവെന്ന ബംഗ്ലാദേശ് പൊലീസിന്റെ വാദം ഇന്ത്യൻ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) തള്ളി. ഈ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മേഘാലയ അതിർത്തിയിലെ ബിഎസ്എഫ് ഇൻസ്‌പെക്ടർ ജനറൽ ഒ.പി. ഉപാധ്യായ വ്യക്തമാക്കി.
മൈമെൻസിംഗ് ജില്ലയിലെ ഹാലുവാഘട്ട് അതിർത്തി വഴി പ്രതികൾ ഇന്ത്യയിലേക്ക് കടന്നുവെന്ന ബംഗ്ലാദേശിൻ്റെ വാദത്തിന് യാതൊരു തെളിവുമില്ലെന്നും കർശന സിസിടിവി നിരീക്ഷണവും ചെക്ക്‌പോസ്റ്റുകളും ഉള്ള അതിർത്തിയിലൂടെ ഇത്തരമൊരു കടന്നുകയറ്റം അസാധ്യമാണെന്നും ബിഎസ്എഫ് ചൂണ്ടിക്കാട്ടി.
ഉസ്മാൻ ഹാദി വധക്കേസിലെ പ്രതികളായ ഫൈസൽ കരീം മസൂദ്, ആലംഗീർ ഷെയ്ഖ് എന്നിവർ മേഘാലയയിലെ ഖാസി ഹിൽസ് മേഖലയിലേക്ക് കടന്നതായി ദാക്ക മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥനാണ് അവകാശപ്പെട്ടത്. എന്നാൽ, ബിഎസ്എഫിന് പുറമെ മേഘാലയ പൊലീസും ഈ റിപ്പോർട്ടുകൾ നിഷേധിച്ചു. ഇത്തരമൊരു സംഭവത്തെക്കുറിച്ച് യാതൊരു ഇന്റലിജൻസ് വിവരവും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഡിസംബർ 12-ന് ധാക്കയിൽ വെച്ച് വെടിയേറ്റ ഉസ്മാൻ ഹാദി, സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ ഡിസംബർ 18-നാണ് മരിച്ചത്. ഈ സംഭവത്തെത്തുടർന്ന് ബംഗ്ലാദേശിൽ വ്യാപകമായ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. ഇന്ത്യയിൽ സംരക്ഷണം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരായ പ്രക്ഷോഭത്തിലെ മുൻനിര നേതാവായിരുന്നു ഉസ്മാൻ ഹാദി. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം തയ്യാറെടുക്കുകയായിരുന്നു. അതിനിടെയാണ് കൊല്ലപ്പെട്ടത്. കേസിൽ ഇതുവരെ 11 പേരെ ബംഗ്ലാദേശിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.
BSF refutes false propaganda that Usman Hadi’s killers have entered India.












