സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ബിഎസ്എൻഎല്ലും. ഇതിനായി ബിഎസ്എൻഎൽ ‘ഫ്രീഡം പ്ലാൻ’പുറത്തിറക്കി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4G സാങ്കേതികവിദ്യ സൗജന്യമായി പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നതാണ് ഫ്രീഡം പ്ലാൻ. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ (ലോക്കൽ/എസ്ടിഡി), പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, സൗജന്യമായി ഒരു ബിഎസ്‌എൻഎൽ സിം എന്നിവയാണ് പ്ലാനിൽ ഉൾപ്പെടുന്നത്.
ബിഎസ്‌എൻഎൽ സാങ്കേതികവിദ്യ ഉപയോഗിച്ച് രാജ്യത്തുടനീളം 100,000 4ജി കേന്ദ്രങ്ങൾ ലഭ്യമാക്കുമെന്നും സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതും താങ്ങാനാവുന്ന ചെലവിലുമുള്ള മൊബൈൽ കണക്റ്റിവിറ്റി ഉപയോഗിച്ച് ഡിജിറ്റൽ ഇന്ത്യയെ ശാക്തീകരിക്കുന്നതിനുള്ള ഒരു പ്രധാന നാഴികക്കല്ലാണ് ഈ സംരംഭമെന്നും ബിഎസ്‌എൻഎൽ സിഎംഡി എ. റോബർട്ട് ജെ.രവി പറഞ്ഞു.
“ആത്മനിർഭർ ഭാരത്’ ദൗത്യത്തിന് കീഴിൽ ബിഎസ്‌എൻഎൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച് നടപ്പിലാക്കിയ 4ജി സാങ്കേതികവിദ്യയിലൂടെ, സ്വന്തമായി ടെലികോം സംവിധാനം നിർമ്മിച്ച ഏതാനും രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്താനായതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങളുടെ ‘ഫ്രീഡം പ്ലാൻ’ ഓരോ ഇന്ത്യക്കാരനും 30 ദിവസത്തേക്ക് ഈ തദ്ദേശീയ നെറ്റ്‌വർക്ക് സൗജന്യമായി പരീക്ഷിക്കാനും പ്രയോജനപ്പെടുത്താനും അവസരം നൽകുന്നുവെന്ന് ബിഎസ്‌എൻഎൽ സിഎംഡി എ. റോബർട്ട് ജെ.രവി പറഞ്ഞു.
ഫ്രീഡം പ്ലാൻ ലഭിക്കുന്നതിന് സമീപത്തുള്ള ബിഎസ്‌എൻഎൽ കസ്റ്റമർ സർവീസ് സെന്റർ, റീട്ടെയിലർ കേന്ദ്രം എന്നിവ സന്ദർശിക്കുകയോ 1800-180-1503 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ ചെയ്യാം.













