
ന്യൂയോര്‍ക്ക് : കാനഡ അതിര്‍ത്തിയിലുള്ള നയാഗ്ര വെള്ളച്ചാട്ടം സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ന്യൂയോര്‍ക്ക് ഹൈവേയിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി അപകടം. അഞ്ച് പേര്‍ മരിച്ചു. മറ്റാര്‍ക്കും ഗുരുതരമായ പരുക്കുകള്‍ ഇല്ലെന്നാണ് വിവരം. ബസിലുണ്ടായിരുന്ന 54 യാത്രക്കാരില്‍ ഇന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് പുറമേ, ചൈനയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമുള്ള യാത്രക്കാരും ബസിലുണ്ടായിരുന്നു.
നയാഗ്ര വെള്ളച്ചാട്ടം സന്ദര്‍ശിച്ച ശേഷം വിനോദസഞ്ചാരികള്‍ ന്യൂയോര്‍ക്ക് നഗരത്തിലേക്ക് മടങ്ങുന്നതിനിടെ ബഫല്ലോയില്‍ നിന്ന് 40 കിലോമീറ്റര്‍ കിഴക്ക് ഭാഗത്താണ് അപകടമുണ്ടായിരിക്കുന്നത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ന്യൂയോര്‍ക്ക് സംസ്ഥാന പൊലീസ് കമാന്‍ഡര്‍ മേജര്‍ ആന്‍ഡ്രെ റേ അറിയിച്ചു.
ഡ്രൈവര്‍ ജീവനോടെയുണ്ടെന്നും വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. സംസ്ഥാന പൊലീസും പ്രാദേശിക ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തിയതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ പറഞ്ഞു.