
മക്ക : സൗദിയിൽ ഇന്ത്യക്കാർ സഞ്ചരിച്ച ബസ് കത്തിയമർന്ന് വൻ ദുരന്തം. 42 പേര് മരിച്ചതയാണ് വിവരം. ഹൈദരാബാദിൽനിന്നുള്ള ഉംറ സംഘമാണ് ദുരന്തത്തിന് ഇരയായത്. മരിച്ചവരില്‍ 20 സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും അവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30 ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. മക്കയിലെ തീര്‍ത്ഥാടനം കഴിഞ്ഞ് മദീനയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ബസ് ഡീസൽ ടാങ്കറിൽ ഇടിച്ചതോടെ രണ്ട് വാഹനങ്ങളും അഗ്നിഗോളമായി മാറുകയായിരുന്നു. കൂട്ടിയിടി നടന്നപ്പോൾ യാത്രക്കാർ ഉറക്കത്തിലായിരുന്നു. ഇത് മരണനിരക്ക് ഉയരാൻ കാരണമായിട്ടുണ്ട്.
സൗദി അധികൃതർ ഉടൻ തന്നെ രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. മരണസംഖ്യ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ പ്രാദേശിക മാധ്യമങ്ങളാണ് 42 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്തത്. മരിച്ചവരിൽ ഒരേ കുടുംബത്തിലെ ഒന്നിലധികം പേരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ദുരിതബാധിതെ സഹായിക്കാൻ ഇന്ത്യൻ പ്രഥമശുശ്രൂഷാ കമ്മിറ്റിയും (ഹജ് കമ്മിറ്റി) ഇന്ത്യൻ എംബസിയും നടപടികൾ സ്വീകരിച്ചുവരികയാണ്. കൂടാതെ, മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് പ്രത്യേക വിമാനങ്ങൾ ക്രമീകരിക്കുന്നുണ്ട്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകുന്നതിനും ശ്രമം തുടരുകയാണ്.
അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല, പക്ഷേ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഹജ്ജ്, ഉംറ മന്ത്രാലയവും ട്രാവൽ ഏജൻസിയും അപകടം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരും.
Bus carrying Umrah group catches fire in Saudi Arabia: 42 Indians burnt to death















