ആന്ധ്രാപ്രദേശ്: കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിൽ ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് 24 പേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ബസ് ഒരു ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം. 42 പേരാണ് ബസിനുള്ളിലുണ്ടായിരുന്നതെന്നും വിവരമുണ്ട്. കാവേരി ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചത്.
മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം പൂര്‍ണമായും കത്തിനശിക്കുകയായിരുന്നു. യാത്രക്കാരിൽ പന്ത്രണ്ട് പേർ എമര്‍ജെന്‍സി വിന്‍ഡോ വഴി രക്ഷപ്പെട്ടെന്നും മറ്റുള്ളവര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഗ്‌നിശമനസേന സ്ഥലത്തുണ്ട്. മരണസംഖ്യ ഇനിയും ഉയരാണ് സാധ്യത.
ബസില്‍ 40 യാത്രക്കാരും രണ്ട് ബസ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പരുക്കുകളോടെ പതിനഞ്ചോളം പേരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പൊലീസ് സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനും പരുക്കേറ്റവരുടെ ചികിത്സയ്ക്കുമായി സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.
Hyderabad–Bengaluru Bus Catches Fire, 24 died









