ട്രംപിൻ്റെ ഭീഷണിയ്ക്ക് വഴങ്ങാതെ ഇന്ത്യ; റഷ്യയില്‍നിന്ന് കൂടുതല്‍ എസ്-400 സംവിധാനങ്ങള്‍ വാങ്ങുന്നു

റഷ്യയിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നതിനെതിരെയുള്ള യുഎസ് ഭീഷണിയിൽ വഴങ്ങാതെ ഇന്ത്യ പുതിയ നീക്കത്തിലേക്ക്. റഷ്യയിൽനിന്ന് കൂടുതൽ എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ വാങ്ങുന്നു. ഇതു സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ റഷ്യൻ വാർത്താ ഏജൻസിയായ ടാസ് ( TASS) റിപ്പോർട്ട് ചെയ്തു. ഓപ്പറേഷൻ സിന്ദൂറിലെ മികച്ച പ്രകടനത്തെ തുടർന്നാണ് കൂടുതൽ എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇന്ത്യ വാങ്ങുന്നത്.

ഇന്ത്യ വാങ്ങിയ എസ്-400 സംവിധാനങ്ങൾക്ക് സുദർശൻ ചക്ര എന്നാണ് നൽകിയിരിക്കുന്ന പേര്. നിലവിൽ റഷ്യൻ നിർമിത എസ്-400 സംവിധാനം ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. കൂടുതൽ യൂണിറ്റുകൾ വാങ്ങുന്നതിനേപ്പറ്റിയുള്ള ചർച്ചകൾ നടക്കുന്നതായി റഷ്യൻ ഫെഡറൽ സർവീസ് ഫോർ മിലിട്ടറി – ടെക്‌നിക്കൽ കോർപ്പറേഷൻ മേധാവി ദിമിത്രി ഷുഗയേവ് വ്യക്തമാക്കി. അതേസമയം, എത്ര എസ്-400 സംവിധാനങ്ങളാകും വാങ്ങുക എന്ന വിവരങ്ങൾ ലഭ്യമല്ലെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ഇന്ത്യയുടെ പക്കലുള്ള എസ്-400 സംവിധാനങ്ങളിൽ രണ്ടെണ്ണം ചൈനീസ് അതിർത്തിയിലും ഒരെണ്ണം പാകിസ്ഥാനിൽനിന്നുള്ള ആക്രമണങ്ങളെ നേരിടുന്നതിനും വിന്യസിച്ചിരിക്കുന്നത്. 2018-ൽ അഞ്ച് എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ റഷ്യയുമായി ഒപ്പിട്ട 550 കോടി ഡോളറിന്റെ ( ഏകദേശം 48,426 കോടി രൂപ) കരാർ പ്രകാരം ഇനി രണ്ട് എസ്-400 യൂണിറ്റുകൾ കൂടി ഇന്ത്യയ്ക്ക് റഷ്യ കൈമാറേണ്ടതുണ്ട്. ഇന്ത്യയ്ക്ക് 2027-ഓടെ ശേഷിക്കുന്ന എസ്-400 സംവിധാനങ്ങൾ റഷ്യ കൈമാറിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

More Stories from this section

family-dental
witywide