
വാഷിങ്ടൺ: അമേരിക്കയിൽ നിരോധന ഭീഷണി നേരിടുന്ന ടിക് ടോക് ഇലോൺ മസ്ക് വാങ്ങിയേക്കുമെന്ന് അഭ്യൂഹം. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാണിച്ചാണ് യുഎസ് സർക്കാർ നിരോധിക്കാനൊരുങ്ങുന്നത്. ജനുവരി 19 ന് മുമ്പ് ടിക് ടോക്ക് വിൽക്കുകയോ പ്രവർത്തനം അവസാനിപ്പിക്കുകയോ വേണം. ഇതിനിടെ, നിരോധനം ഒഴിവാക്കാൻ വഴികൾ തേടുകയാണ് ബൈറ്റ് ഡാൻസ്.
ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിന് ടിക് ടോക്ക് വില്‍ക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൈന പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക് ടോക്ക് ബൈറ്റ്ഡാന്‍സിന് കീഴില്‍ തന്നെ വേണമെന്നാണ് ചൈനയുടെ ആഗ്രഹം. എന്നാൽ കോടതിയും കൈവിട്ടതോടെ നിരോധന ഭീഷണിയിലാണ്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തെ അനുനയിപ്പിച്ച് യു.എസില്‍ തുടരാനുള്ള വിപുലമായുള്ള ചര്‍ച്ചകള്‍ ടിക് ടോക്ക് നടത്തിവരുന്നത്.
അതിലൊന്നാണ് മസ്‌കുമായുള്ള ചര്‍ച്ചകള്‍. ടിക് ടോക്കിന്റെ യുഎസിലെ നിയന്ത്രണം മസ്‌കിന് നല്‍കുകയും വാണിജ്യപങ്കാളിയായി തുടരുകയും ചെയ്യുക എന്ന സാധ്യതയാണ് ചൈന പരിശോധിക്കുന്നത്. 17 കോടി ഉപഭോക്താക്കളുള്ള ടിക് ടോക്കിന് അമേരിക്കയിലുള്ളത്. ടിക് ടോക്ക് നിരോധന വിഷയത്തില്‍ രാഷ്ട്രീയമായ പരിഹാരം കാണാന്‍ തനിക്ക് സാധിക്കുമെന്നും നിരോധനം നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് 2024 ഡിസംബറില്‍ ട്രംപ് യുഎസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ട്രംപിന്റെ നീക്കത്തിലാണ് ഇനി കമ്പനിയുടെ പ്രതീക്ഷ.
byte dance trying sell tik tok to elon musk