
കാലിഫോര്‍ണിയ : ലോസ് ഏഞ്ചല്‍സിലെ പ്രതിഷേധക്കാരെ നേരിടാന്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ച ട്രംപ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ കേസ് ഫയല്‍ ചെയ്ത് കാലിഫോര്‍ണിയ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനെന്ന പേരില്‍ വ്യാപക പരിശോധന നടത്തിയതോടെ ഉണ്ടായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനാണ് നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചത്. ട്രംപ് ഭരണ കൂടത്തിന്റെ ഈ നീക്കത്തെ ‘അഭൂതപൂര്‍വമായ അധികാര കൈയേറ്റം’ എന്നാണ് കാലിഫോര്‍ണിയ വിശേഷിപ്പിച്ചത്.
കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിന്റെ അനുമതിയില്ലാതെയാണ് ട്രംപ് ഭരണകൂടം നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിച്ചതെന്ന് സംസ്ഥാനത്തിന്റെ അഭിഭാഷകര്‍ ഫെഡറല്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പറയുന്നു.
ഒരു ‘കലാപ’ സമയത്ത് നാഷണല്‍ ഗാര്‍ഡിനെ ഫെഡറല്‍ സേവനത്തിലേക്ക് വിളിക്കാന്‍ പ്രസിഡന്റിനെ അനുവദിക്കുന്ന ഒരു നിയമപ്രകാരം ഫെഡറല്‍ സ്വത്തുക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിനാണ് സൈനികരെ വിന്യസിച്ചത്. എന്നാല്‍ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളെച്ചൊല്ലി ലോസ് ഏഞ്ചല്‍സ് നേരിട്ട സംഘര്‍ഷഭരിതമായ പ്രതിഷേധങ്ങള്‍ക്ക് ഈ നിയമം ബാധകമല്ലെന്ന് കാലിഫോര്‍ണിയയുടെ കേസ് വാദിക്കുന്നു.