
ന്യൂഡൽഹി: ആഗസ്റ്റ് 15 ന് പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നത് തടയാൻ സിഖ് സൈനികരോട് ആഹ്വാനം ചെയ്തതിൽ ഗുർപത്വന്ത് സിംഗ് പന്നൂണിനെതിരെ എൻഐഎ കേസെടുത്തു. സിഖ്സ് ഫോർ ജസ്റ്റിസ് (SFJ) എന്ന സംഘടനയുടെ ജനറൽ കൗൺസലും അമേരിക്കയിൽ താമസിക്കുന്ന ഭീകരനായി പ്രഖ്യാപിക്കപ്പെട്ട ഗുർപത്വന്ത് സിംഗ് പന്നൂൺക്കെതിരെയാണ്ദേശീയ അന്വേഷണ ഏജൻസി (NIA) കേസെടുത്തിരിക്കുന്നത്.
ലാൽകോട്ടയിൽ ഇന്ത്യൻ ദേശീയപതാക ഉയർത്തുന്നത് തടയാൻ സിഖ് സൈനികരെ പന്നൂൺ പ്രേരിപ്പിക്കുകയും ഇതിനായി 11 കോടി രൂപ പാരിതോഷികമായി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.2025 ഓഗസ്റ്റ് 10-ന് SFJ-യുടെ ഔദ്യോഗിക ‘X’ അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയും, വിശ്വാസയോഗ്യമായ മറ്റു വിവരങ്ങളും ചേർത്താണ് കേസിൽ എഫ് ഐ ആർ ഇട്ടിരിക്കുന്നത്. വീഡിയോയിൽ പന്നൂൺ പ്രധാനമന്ത്രി പതാക ഉയർത്തുന്നത് തടയാൻ പറയുകയും പഞ്ചാബ്, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവയും ഉൾപ്പെടുത്തിയ പുതിയ ഖലിസ്ഥാൻ ഭൂപടം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
എഫ്ഐആറിൽ ഭാരതീയ ന്യായസംഹിതയുടെ സെക്ഷൻ 61(2) പ്രകാരവും കൂടാതെ അനധികൃത പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA), 1967 ലെ സെക്ഷനുകൾ 10, 13 എന്നിവ പ്രകാരമുള്ള കുറ്റങ്ങളും പന്നൂണിനെതിരെ ചുമത്തിയിട്ടുണ്ട്.