മാരകമായ ഏറ്റുമുട്ടലുകള്‍ക്ക് പിന്നാലെ തായ്ലന്‍ഡുമായി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് കംബോഡിയ

ന്യൂഡല്‍ഹി : അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് സംഘര്‍ഷം അതിരൂക്ഷമായതിനെത്തുടര്‍ന്ന് തായ്ലന്‍ഡുമായി ‘ഉടനടി വെടിനിര്‍ത്തല്‍’ ആഗ്രഹിക്കുന്നതായി കംബോഡിയ. ഐക്യരാഷ്ട്രസഭയിലെ കംബോഡിയുടെ പ്രതിനിധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം വ്യാഴാഴ്ച ജെറ്റുകള്‍, പീരങ്കികള്‍, ടാങ്കുകള്‍, കരസേന എന്നിവയുമായുള്ള തീവ്രമായ പോരാട്ടത്തിലേക്ക് നീങ്ങിയിരുന്നു ഇത് പ്രതിസന്ധിയെക്കുറിച്ച് വെള്ളിയാഴ്ച അടിയന്തര യോഗം ചേരാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ പ്രേരിപ്പിച്ചു. ഈ യോഗത്തിലാണ് സമാധാന നീക്കമുണ്ടായത്.

വെള്ളിയാഴ്ച അതിര്‍ത്തിയിലെ കംബോഡിയന്‍ ഭാഗത്ത് നിന്ന് തുടര്‍ച്ചയായ പീരങ്കി ആക്രമണങ്ങള്‍ കേട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രദേശത്ത് 70 വയസ്സുള്ള ഒരാള്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ തായ്ലന്‍ഡിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് 138,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു, 14 സാധാരണക്കാര്‍ക്കും ഒരു സൈനികനും ഉള്‍പ്പെടെ 15 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 15 സൈനികര്‍ ഉള്‍പ്പെടെ 46 പേര്‍ക്ക് പരിക്കേറ്റു.

‘കംബോഡിയ ഉടനടി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു – നിരുപാധികം – തര്‍ക്കത്തിന്റെ സമാധാനപരമായ പരിഹാരത്തിനും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു,’ കംബോഡിയയും തായ്ലന്‍ഡും പങ്കെടുത്ത കൗണ്‍സിലിന്റെ അടച്ചിട്ട യോഗത്തിന് ശേഷം കംബോഡിയയുടെ യുഎന്‍ അംബാസഡര്‍ ഛിയ കിയോ പറഞ്ഞു. സ്ഥിതിഗതികള്‍ വഷളായാല്‍ ‘അത് യുദ്ധത്തിലേക്ക് നയിച്ചേക്കാം’ എന്ന് തായ്ലന്‍ഡ് പ്രധാനമന്ത്രി ഫുംതം വെച്ചായചായി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

More Stories from this section

family-dental
witywide