
ബാങ്കോക്ക് : സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് കംബോഡിയയും രംഗത്തെത്തി. തായ്ലന്‍ഡുമായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപ് നേരിട്ട് ഇടപെട്ടുവെന്ന് കാട്ടിയാണ് കംബോഡിയന്‍ ഉപപ്രധാനമന്ത്രി സണ്‍ ചന്തോല്‍ ഈ ആവശ്യം മുന്നോട്ടുവെച്ചത്.
ഇന്ത്യയുമായുള്ള സംഘര്‍ഷം അവസാനിച്ചതിനു പിന്നാലെ പാക്കിസ്ഥാനും ഇതേ ആവശ്യം ഉന്നയിച്ച് എത്തിയിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ട്രംപിന് നൊബേല്‍ നല്‍കണമെന്ന് മുന്‍പ് ആവശ്യപ്പെട്ടിരുന്നു. സമാധാനം കെട്ടിപ്പടുക്കുന്നതില്‍ ട്രംപ് വഹിച്ച വലിയ പങ്കിനെ തുടര്‍ന്നാണ് തീരുമാനമെന്നായിരുന്നു നെതന്യാഹു വിശദീകരണം നല്‍കിയത്. കഴിഞ്ഞ ദിവസം ട്രംപ് നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനാണെന്ന് കാട്ടി വൈറ്റ് ഹൗസും എത്തിയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത് അടക്കം ലോകമെമ്പാടും ഒട്ടേറെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു സമാധാന നൊബേല്‍ സമ്മാനം നല്‍കണമെന്നായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലിവീറ്റ് ആവശ്യപ്പെട്ടത്.
ട്രംപ് അധികാരമേറ്റതിനു പിന്നാലെ മാസത്തില്‍ ഒന്ന് എന്ന രീതിയില്‍ സമാധാന കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ലിവീറ്റ് പറഞ്ഞിരുന്നു. തായ്ലന്‍ഡ്-കംബോഡിയ, ഇറാന്‍-ഇസ്രയേല്‍, റുവാണ്ട-കോംഗോ, ഈജിപ്ത്-ഇത്യോപ്യ തുടങ്ങിയ സംഘര്‍ഷങ്ങള്‍ ട്രംപ് ഇടപെട്ട് അവസാനിപ്പിച്ചെന്നും കരോലിന്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു.