
ഒട്ടാവ: ലോറൻസ് ബിഷ്ണോയ് സംഘത്തെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് കാനഡ ഭരണകൂടം കടുത്ത നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. സംഘത്തിന്റെ പ്രവർത്തനങ്ങളും ധനസഹായവും പൂർണമായി നിരോധിക്കുമെന്നും, കാനഡയിലെ അവരുടെ സ്വത്തുവകകൾ കണ്ടുകെട്ടുമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യയിലും വിദേശത്തും കൊലപാതകം, കൊള്ള, ആയുധവും മയക്കുമരുന്നും കടത്തൽ തുടങ്ങിയ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഗ്യാങ്ങാണ് ഈ സംഘം. കാനഡയുടെ പൊതു സുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
കാനഡയിൽ അക്രമത്തിനോ ഭീകരപ്രവർത്തനങ്ങൾക്കോ സ്ഥാനമില്ലെന്നും, പ്രത്യേകിച്ച് സമൂഹങ്ങളെ ഭയപ്പെടുത്തി അന്തരീക്ഷം സൃഷ്ടിക്കുന്നവയ്ക്ക് അനുവദിക്കില്ലെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. കനേഡിയൻ നിയമപ്രകാരം, ബിഷ്ണോയ് സംഘത്തിന്റെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രണത്തിലുള്ളതോ ആയ സ്വത്തുകളുമായി അറിഞ്ഞുകൊണ്ട് ഇടപാട് നടത്തുന്നത് ഇനി ക്രിമിനൽ കുറ്റമായി കണക്കാക്കും. സംഘത്തിന് പ്രയോജനമായി സ്വത്ത് നൽകുന്നതോ സഹായിക്കുന്നതോ ഉള്ളവർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം കാനഡയിലെ സിഖ് വിഘടനവാദ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് ജയിലിലടച്ച ലോറൻസ് ബിഷ്ണോയ് ഇന്ത്യയിൽ നിന്ന് നേതൃത്വം നൽകുന്നുവെന്ന് കാനഡ ആരോപിച്ചിരുന്നു. ഇന്ത്യ-കാനഡ നയതന്ത്രബന്ധം ഇതിനകം വഷളായ സാഹചര്യത്തിൽ ഉയർന്ന ഈ ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു. ഈ പുതിയ തീരുമാനം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തൽ.