കടുത്ത ട്രംപ് വിരുദ്ധൻ, അധികാരത്തിൽ തിരിച്ചെത്തുമെന്ന ആത്മവിശ്വാസത്തിൽ കാർണി, പ്രതീക്ഷയോടെ പ്രതിപക്ഷവും, കാനഡ പോളിംഗ് ബൂത്തിലേക്ക്

ഒട്ടാവ: പുതിയ പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന നിർണായക ഫെഡറൽ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി കനേഡിയൻ ജനത പോളിംഗ് ബൂത്തിലേക്ക്. കടുത്ത വെല്ലുവിളിയാണ് നിലവിലെ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലെ ലിബറൽ പാർട്ടിക്ക് മുന്നിലുള്ളതെങ്കിലും ജയിച്ചു കയറിയേക്കുമെന്നാണ് ഭൂരിപക്ഷ സർവേകളും പറയുന്നത്. പ്രതിപക്ഷ നേതാവ് പിയർ പോളിയേവിന്റെ നേതൃത്വത്തിലെ കൺസർവേറ്റീവ് പാർട്ടിക്കാണ് ജനപിന്തുണ കൂടുതലന്നും ചില സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ഖാലിസ്ഥാൻ അനുകൂലിയായ ജഗ്‌മീത് സിംഗിന്റെ ന്യൂ ഡെമോക്രാറ്റിക് പാർട്ടി (എൻ.ഡി.പി), ഇവ്-ഫ്രസ്വ ബ്ലാഷെയുടെ ബ്ലോക്ക് കീബെക്വ എന്നിവയാണ് മറ്റ് പ്രധാന പാർട്ടികൾ. ഇന്ത്യൻ സമയം നാളെ രാവിലെയോടെ ഫലസൂചനകൾ വന്നുതുടങ്ങും.

ജസ്റ്റിൻ ട്രൂഡോ രാജിവച്ചതിനെ തുടർന്ന് ലിബറൽ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണി മാർച്ച് 14നാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. സാമ്പത്തിക വിദഗ്ദ്ധനും ബാങ്ക് ഒഫ് ഇംഗ്ലണ്ട്, ബാങ്ക് ഒഫ് കാനഡ എന്നിവയുടെ മുൻ ഗവർണറുമാണ് കാർണി.

ഒക്ടോബറിനകമാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. എന്നാൽ, യു.എസുമായുള്ള വ്യാപാര യുദ്ധം അടക്കം കാനഡ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാൻ സ്ഥിരതയുള്ള സർക്കാർ വേണമെന്നതിനാൽ തിരഞ്ഞെടുപ്പ് കാർണി നേരത്തെയാക്കി. ട്രംപിനോട് നേരിട്ട് ഏറ്റുമുട്ടുന്നു എന്നതാണ് കാർണിയുടെ ആത്മവിശ്വാസവും.

More Stories from this section

family-dental
witywide