
ന്യൂഡൽഹി : കാനഡയില്‍ ഇന്ന് തിരഞ്ഞെടുപ്പ് ദിനം. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയും പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും തമ്മിലാണ് പ്രധാനമത്സരം.
നിലവിലുള്ള ലിബറല്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സ്ഥാനമൊഴിയുമോ, അതോ തീപ്പൊരി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരനായ പിയറി പൊയിലീവ്രെ നേതൃത്വം ഏറ്റെടുക്കുമോ എന്നറിയാന്‍ വെറും മണിക്കൂറുകള്‍ മാത്രം. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ച പശ്ചാത്തലത്തിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കാനഡയെ തങ്ങളുടെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും തീരുവ യുദ്ധം മുറുകുകയും ചെയ്യുന്നതിനിടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
മാര്‍ക്ക് കാര്‍ണി പരാജയപ്പെട്ടാല്‍, കനേഡിയന്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയെന്ന പേരിലായിരിക്കും അദ്ദേഹത്തിന്റെ പടിയിറക്കം. ‘കാനഡ ആദ്യം’ എന്ന സമീപനത്തിലൂടെയാണ് അദ്ദേഹത്തിന്റെ എതിരാളിയായ പിയറി പൊയിലീവ്രെയും തിരഞ്ഞെടുപ്പില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
343 അംഗ ജനപ്രതിനിധിസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കാനഡയില്‍ വോട്ടുചെയ്യാന്‍ യോഗ്യരായ 28 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുണ്ട്. രാജ്യത്തിനുള്ളില്‍ ആറ് സമയ മേഖലകള്‍ ഉള്ളതിനാല്‍ എല്ലാ പ്രവിശ്യകളിലും വോട്ടെടുപ്പ് രാത്രി 10 മണിയോടെ അവസാനിക്കും, അതിനുശേഷം വോട്ടെണ്ണല്‍ ആരംഭിക്കും.
യുഎസ് പ്രസിഡന്റ് ട്രംപ് അധികാരത്തിലെത്തി കാനഡയ്ക്കെതിരെ വന്‍തോതില്‍ പ്രതികാര തീരുവകള്‍ ചുമത്തിയിരുന്നു. യുഎസുമായുള്ള ഇടപാടുകളെക്കുറിച്ചുള്ള നയം തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. പ്രതികാര തീരുവകള്‍ നിലനിര്‍ത്തുമെന്ന് ലിബറല്‍ പാര്‍ട്ടി നേതാവ് മാര്‍ക്ക് കാര്‍ണി വാദിക്കുമ്പോള്‍, ഇരുവശത്തും താരിഫ് കുറയ്ക്കാന്‍ യുഎസുമായി നയതന്ത്ര ശ്രമം നടത്തുമെന്ന് പിയറി പൊയ്ലിവ്രെയും വാദിക്കുന്നു. ഫെഡറല്‍ കമ്മി കുറയ്ക്കുമെന്നും, നികുതി നിരക്ക് കുറയ്ക്കുമെന്നും മാര്‍ക്ക് കാര്‍ണി വാഗ്ദാനം ചെയ്തിട്ടുണ്ട്.