
ഒട്ടാവ: ഈ വർഷം സെപ്റ്റംബറിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ബുധനാഴ്ച അറിയിച്ചു. ഇസ്രായേലിനൊപ്പം സമാധാനപരമായും സുരക്ഷിതമായും നിലനിൽക്കുന്ന സ്വതന്ത്രവും പരമാധികാരവുമുള്ള ഒരു പലസ്തീൻ രാഷ്ട്രം എന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് കാനഡ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കവെ കാർണി പറഞ്ഞു.
സെപ്റ്റംബറിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച ഫ്രാൻസിനും, ഗാസയിൽ വെടിനിർത്തലിന് ഇസ്രായേൽ സമ്മതിച്ചില്ലെങ്കിൽ സമാനമായ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച യുകെയ്ക്കും പിന്നാലെയാണ് കാനഡയുടെയും ഈ നീക്കം.
“ഐക്യരാഷ്ട്രസഭയുടെ 80-ാമത് പൊതുസഭയിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ കാനഡ ഉദ്ദേശിക്കുന്നുവെന്ന് കാർണി പറഞ്ഞു. പലസ്തീൻ അതോറിറ്റിക്ക് ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ഉറപ്പുനൽകിയതിനാലാണ് ഞങ്ങൾ ഇത് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.
2026-ൽ ദീർഘകാലമായി വൈകിയ തിരഞ്ഞെടുപ്പുകൾ നടത്തുമെന്നും അതിൽ ഹമാസ് ഒരു പങ്കും വഹിക്കില്ലെന്നും പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തനിക്ക് ഉറപ്പ് നൽകിയതായും കാർണി കൂട്ടിച്ചേർത്തു.