
ഒട്ടാവ : ഇന്ത്യന്‍ വിദ്യാര്‍ത്ഥികളേയും തൊഴില്‍ അന്വേഷകരേയും ആകര്‍ഷിക്കുന്ന വിദേശ രാജ്യങ്ങളിലൊന്നാണ് കാനഡ. കാനഡയില്‍ പി ആര്‍ (സ്ഥിരതാമസ അനുമതി) നേടുന്നതാണ് എല്ലാവരുടേയും ലക്ഷ്യവും. ഇപ്പോഴിതാ 2025 ലെ ബജറ്റ് അനുസരിച്ച്, വരാനിരിക്കുന്ന ഇമിഗ്രേഷന്‍ ലെവല്‍ പ്ലാനില്‍ 2026 ലും 2027 ലും 33,000 വര്‍ക്ക് പെര്‍മിറ്റ് ഉടമകളെ സ്ഥിര താമസത്തിലേക്ക് മാറ്റുന്നതിനുള്ള ഒരു പുതിയ പരിപാടി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കാനഡ. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ കീഴിലുള്ള ലിബറല്‍ ന്യൂനപക്ഷ സര്‍ക്കാര്‍ നവംബര്‍ 4 ന് ഉച്ചകഴിഞ്ഞാണ് പാര്‍ലമെന്റില്‍ 2025 ലെ ബജറ്റ് അവതരിപ്പിച്ചത്. 2025 ലെ കുടിയേറ്റത്തെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ട് മന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ കാനഡയുടെ ഇമിഗ്രേഷന്‍ സംവിധാനത്തിനായുള്ള പദ്ധതികള്‍ ഫെഡറല്‍ സര്‍ക്കാര്‍ കൂടുതല്‍ വിശദമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബജറ്റ് പ്രകാരമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതാ
2026 ല്‍ കാനഡയിലേക്കെത്തുന്ന താല്‍ക്കാലിക താമസക്കാരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ കുറയക്കാന്‍ നീക്കമുണ്ട്. 2025 ന്‍ ഇത് 673,650 ആയിരുന്നു. ഇപ്പോഴിത് 43% കുറച്ചുകൊണ്ട് 385,000 ആക്കും. 2026 ലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനത്തിനും കുറവു വന്നിട്ടുണ്ട്. 155,000 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കേ പ്രവേശനം അനുവദിക്കൂ. 2025ലിത് 305,900 ആയിരുന്നു. ഇതില്‍ നിന്ന് 49% കുറവാണ് 2026ല്‍ ഉള്ളത്.
2025 ല്‍ 367,750 പേരെ താത്കാലിക വിദേശ തൊഴിലാളികളെ പ്രവേശിപ്പിക്കാനായിരുന്നു നീക്കമെങ്കില്‍ നിന്ന് വരുംവര്‍ഷം 230,000 ലേക്ക് ചുരുക്കിയിട്ടുണ്ട്. 37% കുറവ്.
അതേസമയം കാനഡയിലെ യോഗ്യരായ സംരക്ഷിത വ്യക്തികള്‍ക്ക് (പ്രൊട്ടക്ട്ടഡ് പേര്‍സണ്‍സ്) അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥിര താമസ പദവി നല്‍കുക എന്നതും കാനഡ ലക്ഷ്യമിടുന്നു. മാത്രമല്ല, 2026 ലെ സ്ഥിര താമസ (പിആര്‍)പ്രവേശന ലക്ഷ്യം കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ നിന്ന് മാറ്റമില്ലാതെ 380,000 ആയി തുടരുന്നു. സ്ഥിര താമസ പ്രവേശനത്തിന്റെ 64% സാമ്പത്തിക കുടിയേറ്റത്തിനായി നീക്കിവയ്ക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. മുമ്പ് ഇത് 59% ആയിരുന്നു.
Canada introduces new measures to grant PR to temporary residents











