
ഒട്ടാവ: പതിറ്റാണ്ടുകളായി ഇന്ത്യ ഉന്നയിച്ച ആരോപണങ്ങൾ ഒടുവിൽ ശരിയാണെന്ന് സമ്മതിച്ച് കനേഡിയൻ സർക്കാർ. ഖലിസ്ഥാൻ ഭീകരവാദ സംഘടനകൾ കാനഡയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ അനധികൃതമായി പണമുണ്ടാക്കുന്നുണ്ടെന്നും പുതിയ സർക്കാർ റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾക്കിടയിൽ ഈ വെളിപ്പെടുത്തൽ നിർണ്ണായകമാണ്.
കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസിൻ്റെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ടാണ് ഈ ഞെട്ടിക്കുന്ന വിവരം കനേഡിയൻ സർക്കാർ പുറത്തുവിട്ടത്. പഞ്ചാബിൽ ഒരു സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഈ ഗ്രൂപ്പുകൾ കാനഡ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിൽനിന്നും ധനസമാഹരണം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഭീകരസംഘടനകളെ ഉൾപ്പെടുത്തിയിട്ടുള്ള ‘പൊളിറ്റിക്കലി മോട്ടിവേറ്റഡ് വയലന്റ് എക്സ്ട്രീമിസം’ (PMVE) എന്ന വിഭാഗത്തിലാണ് ഖലിസ്ഥാൻ ഭീകരസംഘടനകളെയും കാനഡ ഉൾപ്പെടുത്തിയിരിക്കുന്നത്. ബബ്ബർ ഖൽസ ഇന്റർനാഷനൽ, ഇന്റർനാഷനൽ സിഖ് യൂത്ത് ഫെഡറേഷൻ കാനഡ തുടങ്ങിയ സംഘടനകളെ പേരെടുത്ത് പറഞ്ഞിട്ടുണ്ടെങ്കിലും, സിഖ്സ് ഫോർ ജസ്റ്റിസ് (SFJ) എന്ന സംഘടനയെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമാണ്