
ഒട്ടാവ : കാനഡയിൽ കൗമാരക്കാരായ പെൺകുട്ടികളോട് മോശമായി പെരുമാറിയതിന് ഇന്ത്യക്കാരന് അറസ്റ്റിലായി. അടുത്തിടെ ജനിച്ച തന്റെ പേരക്കുട്ടിയെ കാണാൻ താൽക്കാലിക വിസയിൽ കാനഡയിലെത്തിയ 51 കാരനായ ജഗ്ജിത് സിംഗാണ് നിയമ നടപടി നേരിടുന്നത്. സ്കൂളിന് പുറത്തുവെച്ചു കണ്ട രണ്ട് കൗമാരക്കാരായ പെൺകുട്ടികളോടൊപ്പം ഫോട്ടോ എടുക്കണമെന്ന് വാശിപിടിക്കുകയും ഇവരുടെ ശരീരത്തിൽ അനാവശ്യമായി സ്പർശിക്കുകയും ചെയ്ത കുറ്റത്തിന് ജഗ്ജിത് സിംഗ് നാടുകടത്തൽ നടപടി നേരിടുകയാണെന്ന് ടൊറന്റോ സൺ റിപ്പോർട്ട് ചെയ്യുന്നു. സിംഗിനെ അറസ്റ്റ് ചെയ്ത് ഒരു ഹ്രസ്വകാല ജയിൽ ശിക്ഷയ്ക്ക് വിധിച്ചുവെന്നും, ഇനി അയാൾക്ക് നാടുകടത്തലും കാനഡയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കും നേരിടേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
സിംഗ് ജൂലൈയിൽ ആറ് മാസത്തെ വിസയിലാണ് കാനഡയിലെത്തിയത്. പതിവായി ഒരു ഹൈസ്കൂളിന് സമീപമെത്തി പെൺകുട്ടികളുമായി ഇടപഴകാൻ ശ്രമിച്ചുവെന്ന് ടൊറന്റോ സൺ റിപ്പോർട്ട് ചെയ്തു. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത സിംഗ് അവരുമായി ഇടപഴകാൻ ശ്രമിച്ചതായും ഫോട്ടോകൾ ആവശ്യപ്പെട്ടതായും പെൺകുട്ടികൾ പറയുന്നു. ഫോട്ടോ എടുത്താൽ ഇയാൾപൊയ്ക്കോളുമെന്ന് കരുതിയെന്നും എന്നാൽ തങ്ങളെ കടന്നുപിടിക്കുകയായിരുന്നുവെന്നും പെൺകുട്ടികൾ വെളിപ്പെടുത്തി. സെപ്റ്റംബർ 16 നാണ് സിംഗ് അറസ്റ്റിലായത്. ലൈംഗികാതിക്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഡിസംബർ 30 നായിരുന്നു സിംഗ് ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്നത്. അതിനായുള്ള ടിക്കറ്റുകളും കൈവശമുണ്ടായിരുന്നു. എന്നാൽ വൈകതെ അദ്ദേഹത്തെ നാടുകടത്താൻ ജഡ്ജി ഉത്തരവിട്ടു.
അതേസമയം, കാനഡയിൽ നിന്ന് ‘നിർബന്ധിതമായി’ നീക്കം ചെയ്യുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണം വൈകാതെ റെക്കോർഡ് സ്ഥാപിക്കും. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇപ്പോൾ അതിനുള്ള സാധ്യതയേറെയാണ്.
Canada to deport Indian man who misbehaved with girls















