
ഒട്ടാവ: കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇക്കുറിയും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താന്‍ കാനഡ. ഭവന, ആരോഗ്യ സംരക്ഷണം, മറ്റ് സേവനങ്ങള്‍ എന്നിവയിലെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.
കാനഡ ഈ വര്‍ഷം 437,000 പഠന പെര്‍മിറ്റുകളാകും നല്‍കുകയെന്ന് ഇമിഗ്രേഷന്‍ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവന വ്യക്തമാ്ക്കുന്നു. 2024-നെ അപേക്ഷിച്ച് ഇക്കൊല്ലം 10ശതമാനത്തിന്റെ കുറവാണിത്.
മുന്‍ വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഒഴുക്കുണ്ടായപ്പോള്‍ ഭവന ക്ഷാമം നേരിട്ടിരുന്നു. ഇതോടെയാണ് 2024-ല്‍ രാജ്യം പുതിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പെര്‍മിറ്റുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയത്. 2023-ല്‍, കാനഡ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 650,000-ത്തിലധികം പഠന പെര്‍മിറ്റുകള്‍ നല്‍കിയിരുന്നു. ഇതോടെ രാജ്യത്തെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം ഒരു ദശലക്ഷത്തിലധികം എന്ന റെക്കോര്‍ഡിലെത്തി. പത്തുവര്‍ഷം മുമ്പത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏകദേശം മൂന്നിരട്ടിയുടെ വളര്‍ച്ചാണിത്. എന്നാല്‍, കുടിയേറ്റം മൂലം ദ്രുതഗതിയിലുള്ള ജനസംഖ്യാ വളര്‍ച്ച ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി. കൂടാതെ ഭവന ചെലവുകള്‍ വര്‍ദ്ധിപ്പിക്കാനും കാരണമായി.
കാനഡയെ സംബന്ധിച്ച് ആഭ്യന്തര വിദ്യാര്‍ത്ഥികളെക്കാള്‍ ഉയര്‍ന്ന തുകയാണ് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഫീസ് ഇനത്തില്‍ ലഭിക്കുന്നത്.