
മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട പഠന രാജ്യമാണ് കാനഡ. ഇപ്പോഴിതാ കാനഡയിലെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ഞെട്ടിക്കുന്നൊരു വാര്‍ത്ത വരുന്നു. കാനഡയിലെ കോളജുകളില്‍ ഈ വര്‍ഷം ഇതുവരെ 10,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറഞ്ഞതും സര്‍ക്കാര്‍ തലത്തില്‍ നിയന്ത്രണങ്ങള്‍ വന്നതുമാണ് ഇതിനു കാരണം.
ജൂണ്‍ 19 വരെ വിവിധ കോളജുകള്‍ 8,000ത്തോളം പേരെ പിരിച്ചുവിട്ടെന്ന് ഒന്റാറിയോ പബ്ലിക് സര്‍വീസ് എംപ്ലോയ്‌സ് യൂണിയന്‍ പ്രസിഡന്റ് ജെ.പി ഹോര്‍ണിക് പറഞ്ഞു. ഇത് ഇനിയും ഉയരാനാണ് സാധ്യത. വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതത്തിന് വഴിയൊരുക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വരവില്‍ 31 ശതമാനം കുറവാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ സ്റ്റുഡന്റ് പെര്‍മിറ്റ് കിട്ടിയവരുടെ എണ്ണം 30,640 ആണ്. മുന്‍ വര്‍ഷത്തില്‍ ഇത് 44,295 ആയിരുന്നു. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കാന്‍ കനേഡിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും ഇന്ത്യക്കാരുടെ വരവ് കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.