ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യയില്‍, വിദേശകാര്യ മന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

ന്യൂഡല്‍ഹി : ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കനേഡിയന്‍ മന്ത്രിയുടെ ദ്വിദിന സന്ദര്‍ശനം. തിങ്കളാഴ്ച ഡല്‍ഹിയില്‍ വെച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും തുടര്‍ന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായും അനിത ആനന്ദ് കൂടിക്കാഴ്ച നടത്തും.

ആനന്ദിന്റെ ഇന്ത്യാ സന്ദര്‍ശനം ‘ഇന്ത്യ-കാനഡ ബന്ധങ്ങളിലെ ആഴം വര്‍ദ്ധിപ്പിക്കാന്‍’ സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ”ന്യൂഡല്‍ഹിയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തില്‍ കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ് എംപിക്ക് ഊഷ്മളമായ സ്വാഗതം. നമ്മുടെ ഉഭയകക്ഷി സംവിധാനങ്ങള്‍ പുനരുജ്ജീവിപ്പിച്ചും, സാമ്പത്തിക സഹകരണം ആഴത്തിലാക്കിയും, നമ്മുടെ പങ്കാളിത്തത്തെ ഉറപ്പിക്കുന്ന, ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയും ഇന്ത്യ-കാനഡ ബന്ധങ്ങളിലെ ആഴം വര്‍ദ്ധിപ്പിക്കാന്‍ ഈ സന്ദര്‍ശനം സഹായിക്കും” ഇന്ത്യയില്‍ എത്തിയ അനിത ആനന്ദിന്റെ ചിത്രം പങ്കുവെച്ച് ജയ്സ്വാള്‍ എക്സില്‍ എഴുതി.

ആനന്ദിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി, ‘വ്യാപാര വൈവിധ്യവല്‍ക്കരണം, ഊര്‍ജ്ജ പരിവര്‍ത്തനം, സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ തന്ത്രപരമായ സഹകരണത്തിനുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നതിലേക്ക് ഇരു രാജ്യങ്ങളും നീങ്ങുന്ന സമയത്താണ്’ ഈ സന്ദര്‍ശനമെന്ന് കാനഡ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ജസ്റ്റിന്‍ ട്രൂഡോയെ മാറ്റി മാര്‍ക്ക് കാര്‍ണി കാനഡയുടെ പ്രധാനമന്ത്രിയായതിനുശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കങ്ങള്‍ നടന്നുവരികയാണ്. ഇതിലേക്കുള്ള ഒരു ചുവടുവയ്പ്പായാണ് ആനന്ദിന്റെ ഇന്ത്യാ സന്ദര്‍ശനം. ട്രൂഡോയുടെ ഭരണകാലത്ത് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായിരുന്നു.

More Stories from this section

family-dental
witywide